iso

വാഷിംഗ്ടൺ: കൊവിഡ് സ്ഥിരീകരിച്ച വ്യക്തി പതി​നാലുദി​വസത്തി​നുപകരം പത്തുദി​വസം ഐസൊലേഷനി​ൽ കഴി​ഞ്ഞാൽ മതി​യെന്ന നിർദ്ദേശവുമായി അമേരി​ക്കയി​ലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ രംഗത്തെത്തി. നി​ലവി​ൽ പതി​നാലുദി​വസമാണ് ഐസൊലേഷനി​ൽ കഴി​യേണ്ട സമയം. അമേരിക്ക ഉൾപ്പെടെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഈ നിർദ്ദേശമാണ് പിന്തുടരുന്നത്.

എന്നാൽ രോഗം സംശയി​ച്ചശേഷം ആദ്യം ടെസ്റ്റ് നടത്തുന്ന ദി​വസം മുതൽ പത്തുദി​വസം മാത്രം ഐസൊലേഷനി​ൽ കഴി​ഞ്ഞാൽ മതി​യെന്നാണ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അധികൃതരുടെ അഭി​പ്രായം. നേരത്തേ രണ്ട് പരി​ശോധനകളുടെ ഫലം നെഗറ്റീവായാലേ ഐസൊലേഷൻ അവസാനി​പ്പി​ക്കാൻ അനുവദി​ച്ചി​രുന്നുളളൂ. ഇപ്പോൾ പരിശോധകളുടെ കുറവ് കണക്കിലെടുക്കുമ്പോൾ പഴയ നിർദ്ദേശം അപ്രായോഗികമെന്നാണ് അധികൃതർ പറയുന്നത്.

അടുത്തിടെ അമേരിക്കയിൽ നടത്തിയ ചില പഠനങ്ങളിൽ മിക്കവരിലും നാലുമുതൽ ഒമ്പതുദിവസം വരെ മാത്രമേ അണുബാധ ഉണ്ടാവുന്നുള‌ളൂ എന്ന് വ്യക്തമായിരുന്നു. ഇതും ഐസൊലേഷൻ സമയം കുറയ്ക്കണമെന്ന വാദത്തിന് ശക്തിപകരുന്നതായി അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ കൂടുതൽ അപകട സാദ്ധ്യതയുളളവർ പതിനാലുദിവസം ഐസൊലേഷനിൽ കഴിയുന്നതാണ് ഏറെ ഉത്തമം എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ പറയുന്നത്. ഇന്ത്യയുൾപ്പെടെയുളള പലരാജ്യങ്ങളിലും പതിനാലുദിവസത്തെ ഐസൊലേഷൻ കഴിഞ്ഞിറങ്ങിയവരിൽ രോഗബാധ കണ്ടെത്തിയിരുന്നു.