ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ എ നിലവറയിലെ നിധിശേഖരത്തെ കുറിച്ച് സുപ്രധാന വെളിപ്പെടുത്തലുകൾ നടത്തി മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഐ.എ.എസ്. സംസ്ഥാന ഗവൺമെന്റിന്റെ ദേവസ്വം സെക്രട്ടറിയായിരുന്ന സമയത്ത് എ നിലവറയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിർദേശിച്ച കമ്മിറ്റിയിൽ അംഗമായിരുന്നു ജയകുമാർ. ആ സമയത്താണ് എ നിലവറയിലെ നിധിശേഖരത്തെ കുറിച്ച് കണക്കെടുപ്പ് നടന്നതും. നിലവറയ്ക്കുള്ളിൽ കണ്ട നിധിശേഖരണത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കുന്നു. കൗമുദി ടി വിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് കെ.ജയകുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്.
" പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ധനത്തിന്റെ കണക്കെടുക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതുസംബന്ധിച്ച് കമ്മിറ്റിവച്ചു കണക്കെടുക്കാനായിരുന്നു നിർദേശം. സംസ്ഥാന ഗവൺമെന്റിന്റെ ദേവസ്വം സെക്രട്ടറിയായിരുന്ന സമയത്ത് അങ്ങനൊരുഭാഗ്യം എനിക്ക് ലഭിച്ചു. യാദൃശ്ചികമായി ആ കമ്മിറ്റിയിൽ ഞാനും എത്തി. അന്ന് അക്കൂട്ടത്തിലെ ചെറുപ്പക്കാരൻ എന്ന നിലയിൽ നിലവറയിലേക്കിറങ്ങി.
കാരണം ഇരുട്ടറയാണ്. കാർബൺഡെെ ഓക്സെെഡാണ് കൂടുതലും. വെന്റിലേഷൻ ഇല്ല. ഫയർഫോഴ്സ്കാരെകൊണ്ട് നിലവറയിൽ ഓക്സിജനൊക്കെ അടിച്ചു. അങ്ങനെയാണ് ഞാൻ എ നിലവറയിലിറങ്ങുന്നത്. അത്ര വിസ്‌തൃതമല്ല അറ. കാൽപ്പെട്ടികളിലാണ് സ്വർണം സൂക്ഷിച്ചിരിക്കുന്നത്. ഒരുപാട് പെട്ടികളുണ്ട്. ഈ പെട്ടികളൊക്കെ മുകളിലെടുത്തു. കാലപ്പഴക്കം കൊണ്ട് ഉളുത്തുപോയിരുന്നു അവ. സ്വർണവും രത്നങ്ങളൊക്കെ ചിതറിക്കിടക്കുന്നു. ഉളുത്തുപോയതിന്റെ പൊടിയുമായി രത്നങ്ങൾ മിക്സായിപ്പോയി. അവസാനം കെെക്കൊണ്ട് വാരി മുറത്തിലാക്കിയാണ് വെളിയിലേക്കെടുത്തത്.
പിന്നീട് തൂക്കവുമെടുത്തു. എത്രയോ വർഷങ്ങൾക്ക് മുമ്പ് പദ്മനാഭന് ചാർത്തിയ മാലകളാണിത്. ശരപ്പൊളി മാലകളും ഇക്കൂട്ടത്തിലുണ്ട്. സാധാരണമനുഷ്യന് ഇടാൻ പറ്റുന്ന മാലകളല്ല. കൂടുതലും മരതകകല്ലുകൾ പതിപ്പിച്ചതാണ്. പൊടികൾമാറ്റി തുടച്ചുവച്ചു. വെറുതെ അതിന്റെ പൊടിക്കുതന്നെ പത്ത് മുപ്പത് ലക്ഷം രൂപയുണ്ടാകും. ഒന്നരലക്ഷമല്ല ഇപ്പഴത്തെ കണക്കനുസരിച്ച് അഞ്ചു ലക്ഷം കോടിയെങ്കിലും അതിനകത്തുണ്ടാകും. അന്ന് അവിടുത്തെ പ്രിൻസസ് പറഞ്ഞു ഞങ്ങൾക്ക് പോലും ലഭിക്കാത്ത ഭഗ്യമാണല്ലോ ജയകുമാറിന് ലഭിച്ചതെന്ന്. അത് പദ്മനാഭൻ വിചാരിച്ചതാണ്. ഞാൻ ഒരു ഐ എ എസുകാരനല്ലായിരുന്നെങ്കിൽ ഈ കമ്മിറ്റിയിൽ വരില്ലായിരുന്നു- അദ്ദേഹം പറഞ്ഞു.