swapna-suresh

തിരുവനന്തപുരം: ആർത്തി മൂത്ത് സ്വർണക്കടത്തിലൂടെ രണ്ടാംപ്രതി സ്വ‌പ്‌ന സുരേഷ് ചുരുങ്ങിയ കാലത്തിനിടെ സമ്പാദിച്ചുകൂട്ടിയ പൊന്നിനും പണത്തിനും കണക്കില്ല. വിവിധ ബാങ്കുകളിലായി കണക്കില്ലാത്ത നിക്ഷേപങ്ങളുണ്ടെന്നാണ് എൻ.ഐ.എയുടെ നിഗമനം. വിവിധ ബാങ്കുകളുടെ ലോക്കറുകളിൽ സ്വപ്ന അട്ടിയട്ടിയായി പണവും ആഭരണങ്ങളും സൂക്ഷിച്ചിട്ടുണ്ടത്രെ. ഇതുകൂടാതെ ബാങ്കിംഗ് ഇതര മേഖലയിലും നിക്ഷേപമുണ്ട്. മാത്രമല്ല,​ സ്വർണക്കടത്തിലൂടെ ലഭിച്ച പണത്തിന്റെ ഒരു വിഹിതം മറ്റ് ബിസിനസ് മേഖലയിൽ നിക്ഷേപിച്ചിട്ടുള്ളതായും

വിവരമുണ്ട്. ഇവയുടെ രേഖകൾ എല്ലാം തന്നെ സ്വപ്‌ന രഹസ്യമായാണ് സൂക്ഷിച്ചിരിക്കുന്നത്. രേഖകൾ സ്വയം സൂക്ഷിക്കുകയാണോ അതല്ല മറ്റാരെയെങ്കിലും ഏൽപിച്ചിട്ടുണ്ടോയെന്ന കാര്യവും വ്യക്തമല്ല. സ്വപ്‌നയുടെ നിക്ഷേപങ്ങളെ കുറിച്ച് മറ്റാർക്കും തന്നെ ഒരു വിവരങ്ങളും അറിയില്ല.

വിലകൂടിയ ഫോണുകളോട് പ്രിയമുണ്ടായിരുന്ന സ്വപ്‌ന മുന്തിയ ഇനത്തിലുള്ള ആറ് ഫോണുകളാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോണുകൾ എൻ.ഐ.എ പിടിച്ചെടുത്ത് പരിശോധിച്ചു വരികയാണ്. സ്വപ്‌ന വെളിപ്പെടുത്തിയ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളും എൻ.ഐ.എ പരിശോധിക്കുന്നുണ്ട്. കള്ളക്കടത്തിലൂടെ നേടിയ പണം വിദേശത്തെ ഏതെങ്കിലും ബാങ്കിൽ ബിനാമി പേരിൽ നിക്ഷേപിക്കാനുള്ള സാദ്ധ്യതയും എൻ.ഐ.എ തള്ളുന്നില്ല. സംസ്ഥാനം വിടുന്നതിന് മുമ്പ് സ്വപ്‌ന 40 ലക്ഷം രൂപ അടങ്ങിയ ബാഗ് ആലപ്പുഴയിലെ മുൻ ജുവലറി ഉടമയെ ഏൽപിച്ചിരുന്നു. ഇതിൽ നിന്ന് പിന്നീട് 26 ലക്ഷം കാണാതാകുകയും ചെയ്തു. ഫോണുകൾ കൂടാതെ രണ്ട് ലാപ്ടോപ്പുകളും സ്വപ്‌നയിൽ നിന്ന് എൻ.ഐ.എ പിടിച്ചെടുത്തിട്ടുണ്ട്.