മനാമ: പരിശോധനയ്ക്കിടെ മാസ്ക് അഴിച്ചുമാറ്റി ഡോക്ടർമാരുൾപ്പെടെയുളളവരുടെ മുഖത്തേക്ക് മനപൂർവം ചുമച്ചയാളെ പൊലീസ് അറസ്റ്റുചെയ്തു. പരിശോധയിൽ ഇയാൾ കൊവിഡ് പോസിറ്റീവാണെന്ന് വ്യക്തമാവുകയും ചെയ്തു.മനാമയിലെ കൊവിഡ് പരിശോധനാ കേന്ദ്രത്തിലായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
പരിശോധിക്കാൻ ഡോക്ടർമാർ തയ്യാറെടുക്കുന്നതിനിടെയായിരുന്നു യുവാവിന്റെ തോന്ന്യാസം. അതുവരെ മാസ്ക് ധരിച്ചിരുന്ന ഇയാൾ പെട്ടെന്ന് അത് മാറ്റി ഡോക്ടർമാരുൾപ്പെടെയുളള ആരോഗ്യപ്രവർത്തകരുടെ മുഖത്തേക്ക് ചുമയ്ക്കുകയായിരുന്നു. തുടർന്ന് തന്റെ കൈകൊണ്ട് അവരെ സ്പർശിക്കുകയും ചെയ്തു. ആരോഗ്യപ്രവർത്തകർ അറിയിച്ചതനുസരിച്ചെത്തിയ പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
മനപൂർവം രോഗം പകർത്താൻ ശ്രമിച്ചെന്ന കേസാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്നുവർഷംവരെ തടവും വൻ തുക പിഴയും ലഭിക്കും. യുവാവിനെതിരെയുളള വിചാരണ ആരംഭിച്ചു.