sivasankar

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണവിധേയനായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ മുൻകൂർ ജാമ്യം തേടിയേക്കും. ഇതുസംബന്ധിച്ച് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനുമായി അദ്ദേഹം ചർച്ചകൾ നടത്തി. സ്വർണക്കടത്ത് കേസിൽ ഇതുവരെ കസ്‌റ്റംസോ എൻ.ഐ.എയെയോ ശിവശങ്കറിനെ പ്രതി ചേർത്തിട്ടില്ല. അതേസമയം, നേരത്തെ കസ്‌റ്രംസ് സംഘം ശിവശങ്കറിനെ വിളിച്ചുവരുത്തി ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. തന്നെ വീണ്ടും ചോദ്യം ചെയ്ത ശേഷം കസ്റ്റംസ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നേക്കുമെന്ന് മനസിലാക്കിയാണ് ശിവശങ്കർ നിയമവിദഗ്ദ്ധരുടെ സഹായം തേടിയത്. കേസിലെ രണ്ടാംപ്രതിയായ സ്വപ്‌ന സുരേഷുമായി സൗഹൃദം മാത്രമാണുള്ളതെന്നാണ് ചോദ്യം ചെയ്യലിൽ ശിവശങ്കർ പറഞ്ഞത്. പ്രതികൾ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തുന്ന വിവരം തനിക്ക് അറിയില്ലായിരുന്നെന്നും ശിവശങ്കർ പറഞ്ഞിരുന്നു.