ചെന്നൈ: പോയസ് ഗാർഡനിലെ വീട്ടിൽ നിന്ന് മകളുടെ വീട്ടിലേക്ക് പുതുപുത്തൻ ലംബോർഗിനി ഉറൂസിൽ മാസ്‌ക് ധരിച്ച് യാത്ര ചെയ്യുന്ന ഫോട്ടോയും വീഡിയോയും വൈറലായതിന് പിന്നാലെ സൂപ്പർ സ്‌റ്റാർ രജനികാന്തിന്റെ പുത്തൻ വീഡിയോയും ട്വിറ്ററിൽ വൈറലായി. ചെന്നൈ കേളമ്പാക്കത്തുളള തന്റെ ഫാം ഹൗസിൽ പ്രഭാത നടത്തത്തിൽ ഏർപ്പെട്ടിരിക്കുന്ന രജനികാന്തിന്റെ വീഡിയോയാണ് തരംഗമാകുന്നത്.
Nature and Thalaivar 🙏🔥 pic.twitter.com/5SNphjXJU0
— Rajinifans.com #StayHomeSaveLives (@rajinifans) July 21, 2020
ആരോഗ്യ പരിപാലനത്തിൽ പണ്ടുമുതലേ ബദ്ധശ്രദ്ധനായ രജനീകാന്ത് ബ്രൗൺ നിറമുളള ടീഷർട്ടും കറുപ്പ് ഷോർട്‌സും ധരിച്ച് നടക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ആരാധകരുടെ വിവിധ അക്കൗണ്ടുകളിലായി നിരവധി പേരാണ് ഈ വീഡിയോ കണ്ടത്. മാസ്‌ക് ധരിച്ച് പുറത്തിറങ്ങിയ താരത്തിന്റെ തീരുമാനത്തെ പിൻതുടർന്ന് മാസ്‌കില്ലാതെ പുറത്തിറങ്ങില്ലെന്ന് ദൃഢനിശ്ചയം എടുത്തിരിക്കുകയാണ് ആരാധകർ. വരുന്ന ഡിസംബറിൽ 70 വയസ് പൂർത്തിയാക്കുന്ന രജനിയുടെ ഇനി പുറത്തിറങ്ങാനുളള ചിത്രം സിരുത്തൈ സിവ സംവിധാനം ചെയ്യുന്ന 'അണ്ണാത്തെ' ആണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോഴാണ് കൊവിഡ് രാജ്യമാകെ പിടിമുറുക്കിയത്. നയൻതാര,കീർത്തി സുരേഷ്,ഖുശ്ബു,മീന, പ്രകാശ് രാജ്, സൂരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.