new

തിരുവനന്തപുരം: തലസ്ഥാനത്ത് എൻജിനീയറിംഗ് പ്രവേശന പരീക്ഷ (കീം ) എഴുതിയ ഒരു വിദ്യാർത്ഥിക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു.വലിയതുറ സെന്റ് ആന്റണീസ് സ്കൂളിൽ പരീക്ഷ എഴുതിയ പതിനേഴുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച വിദ്യാർത്ഥികളുടെ എണ്ണം അഞ്ചായി. ഇന്നലെ തലസ്ഥാനത്ത് പരീക്ഷ എഴുതിയ രണ്ടുപേർക്കും കോഴിക്കോട്ട് പരീക്ഷ എഴുതിയ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തിരുവനന്തപുരം കൈമനം മന്നം മെമ്മോറിയൽ സ്‌കൂളിൽ പരീക്ഷ എഴുതിയ കൊല്ലം അഞ്ചൽ സ്വദേശിയായ വിദ്യാർത്ഥിനിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥിനിക്കൊപ്പം കാറിൽ യാത്ര ചെയ്ത അമ്മയ്ക്കും ബന്ധുവിനും രോഗ ബാധയില്ല.19 മുതൽ വിദ്യാർത്ഥിനി ചികിത്സയിലാണ്. എന്നാൽ ആരോഗ്യ വകുപ്പ് ഇക്കാര്യം മറച്ചുവച്ചുവെന്ന് ആക്ഷേപം ഉയരുന്നുണ്ട്. തലസ്ഥാനത്തെ കോട്ടൺഹിൽ സ്കൂളിൽ കുട്ടിയെ പരീക്ഷ എഴുതിക്കാൻ കൊണ്ടുവന്ന രക്ഷിതാവിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.