അഗർത്തല: ഭാര്യ പെൺകുഞ്ഞിനെ പ്രസവിച്ചതിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. പ്രാൺ ഗോബിന്ദ എന്ന യുവാവാണ് ജീവനൊടുക്കിയത്. ഭർത്താവിന്റെ വിയോഗവാർത്തയറിഞ്ഞ് സുപ്രിയ ദാസ്(23) എന്ന യുവതി ഹൃദയാഘാതം മൂലം മരിച്ചു. ത്രിപുരയിലാണ് സംഭവം.
ഭർത്താവും വീട്ടുകാരും ആൺകുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി ദിവസങ്ങൾക്ക് മുമ്പ് സുപ്രിയ പെൺകുഞ്ഞിന് ജന്മം നൽകി. ഇതോടെ വീട്ടിൽ കലഹം പതിവായി. കഴിഞ്ഞ ഞായറാഴ്ച ഇയാൾ ഭാര്യയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങി, തുടർന്ന് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതറിഞ്ഞ് സുപ്രിയ ഹൃദയാഘാതം മൂലം മരിച്ചു. ഭർതൃമാതാവ് പെൺകുഞ്ഞ് ജനിച്ചതിന്റെ പേരിൽ യുവതിക്ക് നേരെ കുത്തുവാക്കുകൾ പറയുമായിരുന്നെന്ന് അയൽവാസികൾ പറയുന്നു.