ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് സ്വന്തം ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് ജൂൺ 14നാണ്. അന്നുമുതൽ പ്രമുഖ ബോളിവുഡ് നടന്മാരും നിർമ്മാതാക്കളും സംവിധായകരുമെല്ലാം നടന്റെ മരണത്തിന് ഉത്തരവാദിയാണ് എന്ന പേരിൽ വിവാദങ്ങളുമുണ്ടായി. പലരുടെയും സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ പൂട്ടുകയോ പിൻതുടരുന്നവർ കുത്തനെ കുറയുകയോ ചെയ്‌തു. ഇപ്പോഴിതാ സുശാന്തിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ വേറിട്ടൊരു വഴി പരീക്ഷിക്കുകയാണ് പ്രശസ്‌ത പാരാനോർമൽ വിദഗ്ധൻ സ്‌റ്റീവ് ഹഫ്. താൻ സുശാന്തിന്റെ ആത്മാവുമായി സംസാരിച്ചു എന്നവകാശപ്പെടുന്നു സ്‌റ്റീവ് .
സുശാന്തിന്റെ നിരവധി ആരാധകരുടെ അഭ്യർത്ഥന കാരണമാണ് താൻ ഇതിന് മുതിർന്നതെന്നും. ആദ്യമായാണ് ഒരു ഇന്ത്യൻ സെലിബ്രിറ്റിയുമായി സംസാരിച്ചതെന്നും സ്‌റ്റീവ് ഹഫ് പറയുന്നു. ആത്മാവിനോട് മരണ ദിവസത്തിനു മുൻപുളള രാത്രി എന്താണ് സംഭവിച്ചതെന്ന് പറയുന്നു ചോദിക്കുമ്പോൾ ചിലരുമായി വലിയ വാഗ്വാദം നടത്തിയതായി ആത്മാവ് പറയുന്നു. ആരെങ്കിലും നിങ്ങളെ കൊലപ്പെടുത്തിയതാണോ? മരണപ്പെട്ടത് എങ്ങനെ എന്ന് ഓർമ്മയുണ്ടോ എന്ന ചോദ്യത്തിന് 'കുറ്റം ചെയ്‌തവരെ കണ്ടെത്തണം' എന്ന് ശബ്ദം കേൾക്കുന്നു. 'അൽപം സ്‌നേഹം വേണം' എന്ന് ശബ്ദം കേട്ടാണ് ആത്മാവിനോടുളള സംസാരം സ്‌റ്റീവ് നിർത്തുന്നത്.
സ്‌റ്റീവ് ഹഫിന്റെ കണ്ടെത്തലുകൾ ഈ മേഖലയിൽ പുതിയ മുന്നേറ്റമാണെന്ന് രാജ്യത്തെ പ്രമുഖ പാരാനോർമൽ വിദഗ്‌ധൻ ഡോ. നീരവ് ആനന്ദ് അഭിപ്രായപ്പെട്ടു. പുത്തൻ സാങ്കേതിക വിദ്യ ഏറെ പുരോഗതി നേടിയെന്നും എന്നാൽ സ്‌റ്റീവിന്റെ കണ്ടെത്തൽ 100 ശതമാനം കൃത്യമാണെന്ന് കരുതാനാകില്ലെന്നും ഡോ. നീരവ് പറഞ്ഞു.
വിഷാദരോഗത്തിന് ചികിത്സയിലായിരുന്ന സുശാന്ത് മുംബയിലെ സ്വന്തം ഫ്ളാറ്റിലാണ് തൂങ്ങിമരിച്ചത്. മുംബയ് പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും നടന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും അതിനാൽ സിബിഐ അന്വേഷണം തന്നെ വേണമെന്നുമാണ് ആരാധകരുടെ ആവശ്യം.