തിരുവനന്തപുരം: കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 16 ചുമട്ടുത്തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തിലെ ഏറ്റവും വലിയ മാർക്കറ്റായ ചാലയിലെ സ്ഥിതി കൂടുതൽ രൂക്ഷമായി. എങ്കിലും ചാല പൂർണമായും അടച്ചിടില്ല. ആൾക്കാർ കൂടുതലായി എത്തുന്നതിനാൽ ചാലയിലെ റീട്ടെയിൽ വ്യാപാരം പൂർണമായി ഒഴിവാക്കി, പകരം ഹോൾസെയിൽ മാത്രമായി ചുരുക്കും. ജനങ്ങൾക്ക് അവശ്യസാധനങ്ങൾ ലഭിക്കാതെ വരുന്ന സ്ഥിതി ഉണ്ടാകാതിരിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു ക്രമീകരണമെന്ന് മേയർ കെ.ശ്രീകുമാർ പറഞ്ഞു.
തമിഴ്നാട് അടക്കമുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പഴം, പച്ചക്കറി തുടങ്ങിയ അവശ്യസാധനങ്ങളുടെ നഗരത്തിലെ ഏറ്റവും വലിയ മൊത്തവിപണിയാണ് ചാല മാർക്കറ്റ്. ഇവിടെ നിന്നാണ് ചില്ലറ വ്യാപാരികൾ കച്ചവടത്തിനായി അവശ്യസാധനങ്ങൾ വാങ്ങുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ചില്ലറ വ്യാപാരികൾ മുൻകാലങ്ങളിലെപ്പോലെ വൻതോതിൽ സാധനങ്ങൾ വാങ്ങുന്നില്ല. ജനങ്ങൾ കുറച്ചുമാത്രം പുറത്തിറങ്ങുന്നതിനാൽ സാധനങ്ങൾ കൂട്ടമായി എടുത്ത് വയ്ക്കാനും വ്യാപാരികൾ തയ്യാറാകുന്നില്ല. ഇപ്പോൾ തന്നെ ചാലയിൽ കടകൾ പ്രവർത്തിക്കുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കടുത്ത വ്യവസ്ഥകളോടെയാണ് മാർക്കറ്റ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത്. രണ്ടാഴ്ചയിലധികമായി തുടരുന്ന ലോക്ക് ഡൗൺ കാരണം ഇപ്പോൾ തന്നെ പലയിടത്തും അവശ്യസാധനങ്ങൾ ലഭിക്കാത്ത സ്ഥിതിയുണ്ട്. അതിനിടെ രോഗവ്യാപനത്തിന്റെ പേരിൽ കൂടുതൽ നിയന്ത്രണങ്ങൾ കൂടി ഏർപ്പെടുത്തുന്നതോടെ അവശ്യസാധന ലഭ്യതക്കുറവ് രൂക്ഷമാകാനാണ് സാദ്ധ്യത.
തമിഴ്നാട്ടിൽ നിന്നടക്കം സാധനങ്ങളുമായി ചാലയിൽ നിരവധി ലോറികൾ എത്തുന്നുണ്ട്. തമിഴ്നാട്ടിൽ രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങളിൽ നിന്നും ലോറികൾ എത്തുന്നുണ്ട്. അതിനാൽ, ഈ ലോറികളിലെ ഡ്രൈവർക്കും മറ്റ് ജീവനക്കാർക്കും രോഗസാദ്ധ്യത ഏറെയാണ്. ഇത് ചാലയിലുള്ള ചുമട്ടുത്തൊഴിലാളികൾക്കും വ്യാപാരികൾക്കും ആശങ്ക ഉയർത്തുന്ന കാര്യമാണ്. അതീവ ശ്രദ്ധയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും. അതിനാലാണ് ചാലയിൽ കടുത്ത നിയന്ത്രണങ്ങളുമായി നഗരസഭ മുന്നോട്ടുവരുന്നത്.
കരിമഠം കോളനിയിലും ആശങ്ക
ചാലയ്ക്ക് തൊട്ടടുത്തുള്ള കരിമഠം കോളനിയിലും കൊവിഡ് ആശങ്ക പരത്തുന്നുണ്ട്. കരിമഠം കോളനി ഉൾപ്പെടുന്ന മണക്കാട് വാർഡിൽ മൂന്ന് പുരുഷന്മാരും മൂന്ന് സ്ത്രീകളും അടക്കം ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡിനെതിരെ പ്രചരണം നടത്തുന്ന ഓട്ടോ ഡ്രൈവറും രോഗം ബാധിച്ചവരിൽ പെടുന്നു. ഇയാൾ ചാല, കിള്ളിപ്പാലം, അട്ടക്കുളങ്ങര തുടങ്ങിയിടങ്ങളിലും പ്രചാരണത്തിനെത്തിയതാണ് ആശങ്ക ഉണ്ടാക്കിയിരിക്കുന്നത്. കോളനിയിൽ രോഗം ബാധിച്ച സ്‌ത്രീകളിൽ ഒരാൾ സ്ഥിരമായി ചാലയിൽ നിന്ന് പച്ചക്കറി വാങ്ങി കരിമഠത്ത് കൊണ്ടുവന്ന് വിൽക്കുന്നതാണ്. മാത്രമല്ല, കോളിനിയിലെയും ചാല വാർഡിലുമുള്ള നിരവധി പേർ ചാലയിൽ ജോലി ചെയ്യുന്നുണ്ട്. ഇത് സമ്പർക്ക വ്യാപനം കൂട്ടുമെന്ന ആശങ്കയുണ്ട്.
പരിശോധന വ്യാപിപ്പിച്ചു
രോഗബാധ കണ്ടെത്താൻ ആന്റിജൻ പരിശോധനയാണ് നടത്തിവരുന്നത്. രോഗം വ്യാപിക്കാതിരിക്കാൻ ചാലയിലെത്തുന്ന മുഴുവൻ പേരെയും പരിശോധിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. നഗരസഭയുടെ മെഡിക്കൽ സംഘം ചാലയിൽ കേന്ദ്രീകരിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ചാലയിലേക്ക് പ്രവേശിക്കുന്ന റോഡിലും തിരിച്ചു പോകുന്ന വഴികളിലും പൊലീസ് പരിശോധന കർശനമാക്കി. ദിവസവും ചാലയും പരിസരപ്രദേശങ്ങളും അണുവിമുക്തമാക്കുന്നുണ്ട്. കടകളിൽ സാനിറൈറ്റസർ നിർബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്ത കടകളുടെ ലൈസൻസ് റദ്ദാക്കാനും തീരുമാനിച്ചു.
പൂർണമായി അടച്ചിടുന്നത് ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം ഉണ്ടാക്കും. നിയന്ത്രണങ്ങൾ ശക്തമാക്കുകയേ മാർഗമുള്ളൂ
- മേയർ കെ.ശ്രീകുമാർ