
തിരുവനന്തപുരം: എൻജിനിയറിംഗ് പരീക്ഷയ്ക്കിടെ (കീം) തലസ്ഥാനത്തെ പരീക്ഷാ കേന്ദ്രങ്ങളായ സ്കൂളുകൾക്കുമുന്നിൽ സാമൂഹ്യ അകലം പാലിക്കാതെ കൂട്ടം കൂടിയ രക്ഷിതാക്കൾ ഉൾപ്പടെയുളളവർക്കെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്. അറുനൂറോളം പേർക്കെതിരെയാണ് കേസ്. പരീക്ഷാ കേന്ദ്രങ്ങൾക്കുമുന്നിൽ രക്ഷിതാക്കൾ കൂട്ടംകൂടി നിൽക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ രക്ഷിതാക്കൾക്കെതിരേ കേസെടുക്കാൻ ഡി ജി പി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കോട്ടൺ ഹിൽ പരീക്ഷ കേന്ദ്രത്തിൽ മുന്നൂറിലധികം പേർ കൂട്ടംകൂടിയെന്നാണ് മ്യൂസിയം പൊലീസ് പറയുന്നത്. പട്ടം സെന്റ് മേരീസ് സ്കൂളിലെ പരീക്ഷ കേന്ദ്രത്തിലും സമാനമായ സാഹചര്യമുണ്ടായെന്നാണ് മെഡിക്കൽ കോളേജ് പൊലീസ് പറയുന്നത്. ഇൗ രണ്ട് പോലീസ് സ്റ്റേഷനുകളിലുമായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതിനിടെ തലസ്ഥാനത്ത് കീം പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. പൂന്തുറ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പരീക്ഷ എഴുതുമ്പോൾ വിദ്യാർത്ഥിക്ക് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. അമ്മയ്ക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് 20 നാണ് പരിശോധനയ്ക്ക് വിധേയയാക്കിയത്. സംസ്ഥാനത്ത് പ്രവേശന പരീക്ഷ എഴുതിയ അഞ്ചുവിദ്യാർത്ഥികൾക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.