drone

ന്യൂഡൽഹി: യഥാർത്ഥ നിയന്ത്രണ രേഖയിലെ പർവ്വത പ്രദേശങ്ങളിൽ ചൈനയുമായുള‌ള ഇന്ത്യയുടെ തർക്കങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. സമുദ്ര നിരപ്പിൽ നിന്ന് അത്യുന്നതിയിലുള‌ള ഇത്തരം സ്ഥലങ്ങളിൽ ശക്തമായ നിരീക്ഷണത്തിന് സേനക്ക് വേണ്ട സഹായമെത്തിക്കുകയാണ് ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ).

തദ്ദേശീയമായി വികസിപ്പിച്ച ഡ്രോണായ 'ഭാരത്' ഇനി മുതൽ ഇത്തരം പ്രദേശങ്ങളിൽ സേനക്ക് തുണയാകും. ഡിആർഡിഒയുടെ ചണ്ഡിഗഡിലെ ലബോറട്ടറിയിലാണ് ഭാരത് നിർമ്മിച്ചത്. ലോകത്ത് ഏ‌റ്റവും സമർത്ഥവും ഭാരം കുറഞ്ഞതുമായ ഡ്രോണാണിതെന്ന് പ്രതിരോധ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ചെറുതും ശക്തവുമായ ഭാരത് ഏത് തരം സ്ഥലത്തും കൃത്യതയോടെ പ്രവർത്തിക്കുന്നതിന് രൂപകൽപന ചെയ്‌താണെന്ന് ഡിആർഡിഒ അധികൃതർ അറിയിച്ചു. കൃത്രിമ ബുദ്ധിയാൽ സ്വയം പ്രവർത്തിക്കുന്ന ഡ്രോണിന് നിരീക്ഷണത്തിനിടെ ശത്രുക്കളാണോ മിത്രങ്ങളാണോ എന്ന് തിരിച്ചറിയാനാകും. അതി കഠിനമായ തണുപ്പിലും ഭാരതിന് തകരാറൊന്നും ഉണ്ടാകില്ല. എടുക്കുന്ന ദൃശ്യങ്ങൾ തൽസമയം കൈമാറാൻ കഴിവുള‌ള ഡ്രോണിന് ഇരുട്ടിലും വളരെ നന്നായി ദൃശ്യങ്ങൾ പകർത്താനൊക്കും. നിരവധി ആളുകളുള‌ള മേഖലയിലും ഇത് ഉപയോഗിക്കാനാകും. എന്നാൽ ശത്രുക്കളുടെ റഡാറിൽ ഇവയുടെ സാന്നിദ്ധ്യം കണ്ടെത്താനുമാകില്ല.