covid-

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് ചികിത്സാ പ്രോട്ടോക്കോളിൽ മാറ്റംവരുത്തി ആരോഗ്യവകുപ്പ്. സാധാരണഗതിയില്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തിയായിരുന്നു രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്. എന്നാല്‍ ഇനിമുതല്‍ ആന്റിജന്‍ പരിശോധന നെഗറ്റീവായാല്‍ മതിയെന്നാണ് പുതിയ ഉത്തരവ്. ആന്‍റിജൻ ടെസ്റ്റ് നടത്തിയാൽ അരമണിക്കൂറിൽ തന്നെ റിസൾട്ട് അറിയാം. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്ന നിയന്ത്രണങ്ങളിലും മാറ്റം വരുന്നത്.

കൊവിഡ് ലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കില്‍ ആദ്യ പോസിറ്റീവ് ഫലത്തിന് പത്ത് ദിവസത്തിന് ശേഷം ആന്‍റിജന്‍ ടെസ്റ്റ് നടത്താം. ഇത് നെഗറ്റീവാകുകയാണെങ്കില്‍ ആശുപത്രി വിടാമെന്നാണ് പുതിയ മാനദണ്ഡം. എന്നാൽ ഇതിന് ശേഷം ഏഴ് ദിവസം സമ്പര്‍ക്ക വിലക്ക് പാലിക്കണമെന്നാണ് കണക്ക്. അതേസമയം കാര്യമായ രോഗലക്ഷണം പ്രകടിപ്പിക്കുന്നവരാണെങ്കില്‍ ആദ്യത്തെ പോസിറ്റീവ് ഫലം വന്ന് 14 ദിവസത്തിന് ശേഷം പരിശോധന നടത്തണം.

രണ്ടാം തവണയാണ് ആരോഗ്യ വകുപ്പ് ഡിസ്ചാര്‍ജ് പ്രോട്ടോകോളില്‍ മാറ്റം വരുത്തിയത്. നേരത്തെ രണ്ട് പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്നുറപ്പിച്ച ശേഷമായിരുന്നു രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്. എന്നാല്‍ അത് പിന്നീട് ഒറ്റത്തവണയാക്കി ചുരുക്കി. ഈ തീരുമാനത്തിലാണ് വീണ്ടും മാറ്റം വരുത്തിയിരിക്കുന്നത്