പത്തനംതിട്ട: ഇത്തവണ ആറന്മുള വള്ളസദ്യ നടത്തില്ലെന്ന് ദേവസ്വം ബോർഡ്. അറന്മുള പള്ളിയോട സംഘത്തെ അറിയിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു അറിയിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ വർഷത്തെ ആറന്മുള വള്ളസദ്യ ആഗസ്റ്റ് നാലിനായിരുന്നു ആരംഭിക്കേണ്ടത്.
സംസ്ഥാനത്തെ കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ
ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് ഇപ്പോൾ പ്രവേശനം അനുവദിക്കുന്നില്ല.ഇത് ഭക്തർക്കിടയിൽ വലിയതോതിൽ മാനസികപ്രയാസം ഉണ്ടാക്കുന്നു എന്ന വസ്തുത തിരുവിതാംകൂർ ദേവസ്വം ബോർഡ് മനസ്സിലാക്കുന്നുവെന്നും, ഈ സാഹചര്യത്തിൽ ബോർഡിന്റെ ക്ഷേത്രങ്ങളിൽ നടതുറന്നിരിക്കുന്ന സമയത്ത് ഭക്തർക്ക് നാലമ്പലത്തിന് പുറത്ത് നിന്ന് ദർശനം നടത്താവുന്നതാണെന്ന് ബോർഡ് യോഗം തീരുമാനിച്ചതായി ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു അറിയിച്ചു.
ഭക്തർ 5 പേരിൽ കൂടാതെയും കൊവിഡ് 19 പ്രതിരോധ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചും ആണ് ദർശനം നടത്താനായി ക്ഷേത്രങ്ങളിൽ എത്തിച്ചേരേണ്ടതെന്നും ബോർഡ് യോഗത്തിൽ തീരുമാനമായി.ഇതിനൊടൊപ്പം ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് വഴിപാട് നടത്തുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്താൻ ബോർഡ് ഉത്തരവിട്ടു.