sandhya-illus-
മിഴിയോരം

റാണിയുടെ വീരചരിത്രമുറങ്ങുന്ന ബുന്ദേൽഖണ്ഡ്… ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന, ആലാ സഹോദരന്മാരുടെ രണ വീര്യമൊഴുകുന്ന വിസ്മയ സംസ്‌കൃതി.! ഇന്ന് പട്ടിണിയും പരിവട്ടവും നിറഞ്ഞ മനുഷ്യർ ഒരുപാടുള്ള നാട്... ആലാഗായകർ ബുന്ദേൽ ഖണ്ഡ് സംസ്‌കൃതിയെക്കുറിച്ച് അതിമധുരമായി പാടുന്നു. യമുനയുടെ തീരത്ത് ഹമീർപൂറിൽ ആലാ ഗായകരുടെ പാട്ട് ചരിത്രത്താളുകളിലൂടെ എന്നെ പിന്നോട്ടു നടത്തി.
ഗ്രാമങ്ങളിൽ നിന്നു ഗ്രാമങ്ങളിലേക്ക് മഹോബയിലെ ഏതാണ്ട് ഇല്ലാത്ത റോഡുകളിലൂടെ സഞ്ചരിയ്ക്കുമ്പോൾ പൂത്തുലഞ്ഞ കടുകുപാടങ്ങൾ ഇരുപുറവും മഞ്ഞപ്പരവതാനി വിരിച്ചിരുന്നു. വിരസതയകറ്റാൻ ഇടയ്ക്ക് പച്ച നിലക്കടല പറിച്ചെടുത്തു കൊറിച്ചിരുന്നു. വല്ലപ്പോഴും മാത്രം കാണാകുന്ന കവലയിൽ ജീപ്പു നിറുത്തി കൊച്ചു മൺപാത്രത്തിൽ കുടിയ്ക്കുന്ന ചായ അരിച്ചെത്തുന്ന തണുപ്പിനെ പിടിച്ചു നിറുത്തി. നാടൻ പാലും പഞ്ചസാരയും ചേർത്ത ചായയുടെ രുചി നാവിലലിഞ്ഞു.
ഗ്രാമത്തിലെ ഊടുവഴിയിലൂടെ സ്‌കൂൾ ലക്ഷ്യമാക്കി നടന്നു. വഴിയിൽ മഴവിൽ വർണത്തിൽ സാരി മുഖവും മൂടി ഉടുത്ത് തലയിൽ വലിയൊരു വിറകുകെട്ടുമായി ഒരു സ്ത്രീ. കൂടെ മൂന്നു കുട്ടികൾ. 'എവിടേയ്ക്കാണ്?' എന്ന ചോദ്യത്തോടെ ഞാനവരോടടുത്തു. അവർ വേഗത്തിലുള്ള നടത്തം നിറുത്തി. സ്ത്രീ തട്ടംമാറ്റി എന്നോടു ചിരിച്ചു. കൂട്ടത്തിൽ മൂത്തപെൺകുട്ടി പിഞ്ഞിയ പാവാടയുടുത്തിരിയ്ക്കുന്നു. അവളുടെ കൈയ്യിൽ തൂങ്ങി നാണിച്ച് അവളുടെ പാവാടയിൽ മുഖമൊളിപ്പിച്ചു നിന്ന ആൺകുട്ടിയെ ഞാൻ വിളിച്ചു. അവന്റെ കണ്ണിൽ നിറയെ കൺമഷി. അവനോടടുപ്പിച്ചു പ്രായം വരുന്ന മറ്റൊരു (അഞ്ചോ ആറോ വയസ്സ് പ്രായം വരും) പെൺകുട്ടി കീറിയ ഒറ്റയുടുപ്പിട്ടിട്ടുണ്ട്. ചെമ്പിച്ച മുടി. അഴുക്കു നിറഞ്ഞ കൈകാലുകളും മുഖവും. തലയിൽ ഒരുകെട്ട് വിറക്.! ആ പെൺകുട്ടിയേക്കാൾ എന്തുകൊണ്ടും നീളമുണ്ട് വിറകുകെട്ടിന്.


ചംപയോടു ഞാൻ ചോദിച്ചു… കുട്ടികൾ സ്‌കൂളിൽ പോകുന്നില്ലേ? അവളുടെ കൺകോണിൽ ചെറിയ പരിഹാസമാണോ? മൂത്ത പെൺകുട്ടിയാണ് ഉത്തരം പറഞ്ഞത്. 'സ്‌കൂളിൽ പോയാലും മാഷ് പഠിപ്പിക്കില്ലല്ലോ'. ചംപ തന്റെ ആൺകുട്ടിയെ കാട്ടി പറഞ്ഞു ഇവനെ ഒന്നാം ക്ലാസിൽ വിടുന്നുണ്ട്. അപ്പോൾ അവളോ? വിറകേന്തിയ പെൺകുട്ടിയെ ചൂണ്ടി ഞാൻ ചോദിച്ചു. 'കൊള്ളാം, പെൺകുട്ടിയെ പഠിക്കാൻ വിടാനോ? അതിനു ഞങ്ങൾക്കെവിടെ നിന്നു പണം?' ആൺകുട്ടിയ്ക്കു കണ്ണുകിട്ടാതെ അതിനെ കണ്ണെഴുതിയ്ക്കുന്നു. പഠിയ്ക്കാൻ സ്‌കൂളിലയ്ക്കുന്നു. പക്ഷേ പെൺകുട്ടിയെ കുളിപ്പിയ്ക്കുന്നു പോലുമില്ല. അവൾ വിറകു ചുമക്കുകയും വേണം.
ചംപയുടെ കഥ അവിടെ ഒരുപാടു കുടുംബങ്ങളുടെ കഥയാണെന്നു പതുക്കെ കണ്ടറിഞ്ഞു. സ്‌കൂളിനു മുൻപിൽ ഒരു വലിയ ബോർഡുണ്ട്. 'വീട്ടിൽ ശൗചാലയം നിർമ്മിക്കൂ. പെൺകുട്ടിയുടെ സുരക്ഷിതത്വം ഉറപ്പാക്കൂ' എന്നാണ് ആ ബോർഡ്! ശൗചാലയമില്ലാത്തതിനാൽ ഇരുട്ടു പരക്കുമ്പോൾ 'പുറത്തേയ്ക്കിറങ്ങുന്ന' പെൺകുട്ടികളെ ആക്രമിക്കുന്ന കേസുകൾ അവിടെ പതിവാണ്. കൂടുതൽ ബലാത്സംഗക്കേസുകളും ഇങ്ങനെ ഉടലെടുക്കുന്നവയാണത്രേ. (എട്ടു വർഷം മുൻപത്തെ ഇക്കഥ ഇന്നു കുറെയൊക്കെ മാറിയിട്ടുണ്ടാകാം. മെച്ചപ്പെട്ടിട്ടുണ്ടാകാം).
ഒട്ടകങ്ങൾ വലിയ്ക്കുന്ന വലിയ വണ്ടികളിൽ ഗോതമ്പുകറ്റകൾ നിറയ്‌ക്കാൻ അച്ഛനമ്മമാരോടൊപ്പം കുട്ടികളും കൂടിയുണ്ടാവണം. എങ്കിലേ ഇത്തരം പണികൾ മുഴുമിപ്പിയ്ക്കാനാവൂ. അതിനാൽ കൃഷിപ്പണിക്കാലത്ത് ക്ലാസിൽ കുട്ടികളുണ്ടാവില്ല.
ഗ്രാമത്തെരുവിൽ ആളുകളുമായി സംസാരിക്കുമ്പോൾ മേലാകെ ചെളിയുമായി നിന്ന മുന്നയോട് ഞാൻ ചോദിച്ചു; എന്താ നീയിന്നു സ്‌കൂളിൽ പോയില്ലേ? അവൻ പെട്ടെന്നു പൊട്ടിക്കരഞ്ഞപ്പോൾ ഞാനാകെ വിഷണ്ണയായി. പത്തു വയസുകാരൻ മുന്നയുടെ കൂട്ടുകാരൻ രാം ആണ് മറുപടി പറഞ്ഞത്. മുന്നയുടെ സഹോദരൻ പതിനഞ്ചുകാരൻ ലല്ലു മരത്തിൽ നിന്നു വീണു കിടപ്പാണ്. താഴെയുള്ള നാലു കുട്ടികളുടെ വയറു കഴിയാൻ മുന്ന കെട്ടിടം പണിയ്ക്കു പോവുകയാണ്. അതുകൊണ്ടു അവനു സ്‌കൂളിൽ പോകാനാകില്ല. ആഗ്രഹമില്ലാഞ്ഞല്ല. മുന്നയെ ചേർത്തു നിറുത്തുമ്പോൾ അവൻ ഒരാഗ്രഹമേ എന്നോടു പറഞ്ഞുള്ളൂ... എന്റെ സഹോദരന് വേണ്ട ചികിത്സ ലഭ്യമാക്കണം. അതിനേർപ്പാടാക്കാം; കൂടാതെ അവനെ സ്‌കൂളിൽ വിടാനും ഏർപ്പാടാക്കുന്നുണ്ടെന്നു പറയുമ്പോൾ ആ വാടിയ മുഖത്തു വിരിഞ്ഞ നിറചിരി ഇന്നും എന്റെ മനസിൽ നിന്നു മാഞ്ഞിട്ടില്ല.
ഇത്തരം കുട്ടികൾക്ക് പഠനത്തിനൊപ്പം അച്ഛനമ്മമാരെ സഹായിക്കുന്നതടക്കം ചെറുജോലികളും ചെയ്യാനുള്ള അവസരമാണോ നിയമപരമായി ഉണ്ടാകേണ്ടത്? ആഴത്തിലുള്ള പഠനം വേണ്ടതല്ലേ?
കരകൗശല വസ്തുക്കൾ മാർബിളിലും ലോഹത്തിലുമൊക്കെ തീർക്കുന്ന അനേകം കലാകാരന്മാരുടെ നാടാണിവിടം. പഴയ ഖജുരാഹോ ശില്പ പാരമ്പര്യം ഇന്നും സിരകളിലൊഴുകുന്ന അനുഗ്രഹീത കലാകാരന്മാർ!
ഖജുരാഹോ… പത്താം നൂറ്റാണ്ടിലെ നിറവാർന്ന സംസ്‌കൃതിയുടെ അടയാളങ്ങൾ… അവയും ഈ നിറം മങ്ങിയ ചിത്രത്തോടു ചേർന്നു നിൽക്കുന്നു. ഖജുരാഹോ സന്ദർശിക്കുമ്പോൾ എന്റെ മനസിൽ പതിഞ്ഞ ശിലാചിത്രം നേരിയ പട്ടുടുത്ത സ്ത്രീ പുസ്തകം വായിയ്ക്കുന്നതാണ്. വിദുഷിമാരായ സ്ത്രീകൾ മുഖം മറയ്ക്കാതെ സദസിൽ പ്രത്യക്ഷപ്പെട്ടിരുന്ന നല്ലകാലം ഇവിടെ ഉണ്ടായിരുന്നു. ഖജുരാഹോയിലെ ഈ സുന്ദരിയെപ്പോലെ ചംപയുടെ മക്കൾ പ്രശോഭിയ്ക്കുന്ന ഒരു കാലത്തിനായി അശ്രാന്തം പരിശ്രമിയ്ക്കുന്ന കളക്ടർ മുത്തുവിനും എസ്.പി ഹാപ്പിയ്ക്കും നന്മനേർന്നു കൊണ്ട് ഞാൻ ബുന്ദേൽ ഖണ്ഡിനോടു വിട ചൊല്ലി.