പൗരാണിക കാലം മുതലേ ഭാരതീയർ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി അനുവർത്തിച്ചുവന്ന ഒന്നാണ് വാസ്തു ശാസ്ത്രം. നൂറ്റാണ്ടുകൾക്കുമുമ്പ് പൂർവികർ വാസ്തുശാസ്ത്രത്തെ (തച്ചുശാസ്ത്രം) അടിസ്ഥാനപ്പെടുത്തി രൂപകൽപന ചെയ്ത സൃഷ്ടികൾ ആധുനികമനുഷ്യനു മുന്നിൽ വിസ്മയമായിരുന്നു. ആധുനികശാസ്ത്രം സ്യൂഡോ സയൻസ് എന്ന് പരിഹസിക്കുന്ന വാസ്തുവിനെ കുറിച്ച് അറിയണമെങ്കിൽ നൂറ്റാണ്ടുകൾ പിന്നിലേക്ക് സഞ്ചരിക്കണമെന്നാണ് ആചാര്യമതം. രണ്ടര പതിറ്റാണ്ടിലേറെയായി വാസ്തുശാസ്ത്രം ഉപാസനയാക്കി ജീവിക്കുകയാണ് ഡോ. മനോജ് എസ്. നായർ. വാസ്തു ശാസ്ത്രവിദഗ്ദ്ധൻ എന്നതിനപ്പുറം ഈ വിഷയത്തോട് താത്പര്യമുള്ളവർക്ക് നല്ലൊരു പാഠപുസ്തകം കൂടിയാണ് മനോജ്. സി.ആർ.പി.എഫിൽ അസി.കമാൻഡന്റായിരുന്ന മനോജ് ഇന്നെത്തി നിൽക്കുന്നത് വാസ്തുശാസ്ത്രത്തിലെ പരമപ്രധാനമായ ഒരു വിഷയത്തിൽ ഗവേഷണം പൂർത്തിയാക്കിയ വാസ്തുവിദഗദ്ധനായാണ്. മനോജിന്റെ വാസ്തു ജീവിതത്തിലൂടെ...
വാസ്തുവിദ്യാ ഗുരുകുലത്തിലേക്ക്
പത്തനംതിട്ടയിലെ പ്രശസ്തമായ തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിന് സമീപമാണ് വീട്. പാലക്കാട് എൻ.എസ്.എസ് എൻജിനിയറിംഗ് കോളേജിൽ നിന്ന് 1992 ൽ സിവിൽ എൻജിനിയറിംഗ് ബിരുദം കരസ്ഥമാക്കി. കേരളത്തിൽ ജോലി ലഭിക്കാൻ വളരെ പ്രയാസമുള്ള കാലമായിരുന്നു. ഒടുവിൽ എറണാകുളത്തെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലി നേടി. മെച്ചപ്പെട്ട ഒരു ഉദ്യോഗത്തിനായി ബാങ്ക് ടെസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ മത്സരപരീക്ഷകളും എഴുതിയിരുന്നു. സെൻട്രൽ പൊലീസ് ഓഫീസേഴ്സിലേക്കുള്ളതും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അധികം കാത്തിരിക്കേണ്ടി വന്നില്ല; കേന്ദ്രസേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സി.ആർ.പി.എഫിൽ അസി.കമാൻഡന്റ് ആയിട്ടായിരുന്നു നിയമനം. കേരളത്തിൽ നിന്നും രണ്ടു പേർക്കായിരുന്നു നിയമനം. മാനസികമായി ആ ജോലിയോട് പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ മൂന്നുവർഷത്തെ സൈനിക സേവനത്തിനു ശേഷം സ്വയം വിരമിച്ചു. അങ്ങനെ ഇനിയെന്ത് എന്ന ചിന്തയിൽ നിൽക്കുമ്പോഴാണ് ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ഒരു പരസ്യം കണ്ടത്. ട്രഡീഷണൽ ആർക്കിടെക്ചർ എന്ന വിഷയത്തിൽ പി. ജി ഡിപ്ലോമ കോഴ്സിലേക്കുള്ള പരസ്യം. അങ്ങനെ ഒരു പഠനം കേരളത്തിലാദ്യമായിരുന്നു. വാസ്തുശാസ്ത്രത്തോട് ചെറുപ്പത്തിലേ താത്പര്യമുള്ളതുകൊണ്ട് കോഴ്സിന് ചേരാൻ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ 20 പേരായിരുന്നു വിദ്യാർത്ഥികൾ. പഠനം പൂർത്തിയാകുമ്പോൾ അതു രണ്ടുപേരായി ചുരുങ്ങി. പഠനശേഷം ഗുരുകുലത്തിൽ അദ്ധ്യാപനത്തിലുള്ള അവസരവും വൈകാതെ വന്നു ചേർന്നു. ഇക്കാലത്തായിരുന്നു വിവാഹം. തുടർന്ന് ഗുരുകുലത്തിലെ അദ്ധ്യാപനവൃത്തി ഉപേക്ഷിച്ച് പ്രവാസ ജീവിതം തിരഞ്ഞെടുത്തു. ആയിടയ്ക്കായിരുന്നു നാട്ടിൽ വച്ച് ഒരു അപകടത്തിൽ ഭാര്യ മരിച്ചത്. മകന് പത്തുമാസം പ്രായമേയുള്ളൂ. അങ്ങനെ വിദേശത്തെ ജോലി മതിയാക്കി ഞാൻ തിരിച്ച് നാട്ടിലെത്തി. ഒരു മാറ്റം അനിവാര്യമായ കാലം കൂടിയായിരുന്നു അത്. ഈശ്വരകൃപയാൽ ഗുരുകുലത്തിൽ നിന്ന് വീണ്ടും വിളി വന്നു. അങ്ങനെ 2003 ൽ ജോലിയിൽ പുനഃപ്രവേശിച്ചു. 2016 വരെ എല്ലാം നല്ല രീതിയിൽ മുന്നോട്ടു പോയി. അക്കാലത്ത് ചില കയ്പ്പേറിയ അനുഭവങ്ങളുണ്ടായതിനെ തുടർന്ന് ഗുരുകുലം തന്നെ വിട്ടുവരേണ്ടി വന്നു. അതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഇപ്പോൾ കേസ് നടക്കുകയാണ്.
മയമതത്തിന്റെ വിവർത്തനത്തിലേക്ക്
'മനുഷ്യാലയചന്ദ്രിക" എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ പൊതുവെ വാസ്തുവിനെ സമീപിക്കുന്നത്. പതിനാറാം നൂറ്റാണ്ടിലാണ് മനുഷ്യാലയചന്ദ്രിക എഴുതപ്പെട്ടത്. ഇതിൽ പ്രതിപാദിച്ചിട്ടുള്ള ഗ്രന്ഥങ്ങളിൽ ഒന്നാണ് മയമതം. വാസ്തുശാസ്ത്രത്തെ സംബന്ധിച്ചുള്ള ഏറ്റവും പൗരാണികമായ ഗ്രന്ഥം. എന്നാൽ വാസ്തുവിദ്യയെക്കുറിച്ച് ആദ്യം പ്രതിപാദിക്കപ്പെട്ടത് മയമതത്തിലല്ല. അതിനുമുമ്പ് നമ്മുടെ പുരാണങ്ങളിൽ വിശദമായി വാസ്തുശാസ്ത്രത്തെ കുറിച്ച് പറയുന്നുണ്ട്. ബൃഹദ് സംഹിത, പദ്മപുരാണം, മത്സ്യപുരാണം, ഗരുഡപുരാണം തുടങ്ങിയവയിലെല്ലാം വാസ്തുവിനെ കുറിച്ച് വ്യക്തമായ ലിഖിതങ്ങളുണ്ട്. ഇതെല്ലാം കൂട്ടിച്ചേർത്താണ് മയമതം എഴുതപ്പെട്ടത്. ഒമ്പതാം നൂറ്റാണ്ടിൽ വിരചിതമായ മയമതം തമിഴിൽ നിന്നാണ് സംസ്കൃതത്തിലേക്ക് രൂപാന്തരം ചെയ്യപ്പെട്ടതെന്ന് കരുതുന്നു. മയമതം എന്നാൽ മയന്റെ ചിന്തകൾ എന്നാണ് അർത്ഥം. ഈ പറയുന്ന മയൻ അസുര ശിൽപ്പിയാണെന്നും, അതല്ല മയമുനി എന്ന സന്യാസിയാണെന്നും തർക്കമുണ്ട്. എന്നാൽ കേരളത്തിൽ മയമതം ലഭ്യമായിരുന്നില്ല. അങ്ങനെയാണ് ഡോ. മോഹനാക്ഷൻ നായരും ഞാനും മയമതത്തെ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ തീരുമാനിച്ചത്. സംസ്കൃതത്തിലുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യവും വാസ്തുവിദ്യയിൽ ഞാൻ സ്വാംശീകരിച്ച അറിവുകളും സമന്വയിപ്പിച്ചാണ് മയമതം മലയാളത്തിലേക്ക് രൂപാന്തരം ചെയ്തത്. ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. വാസ്തുവിദ്യ ഭാരതീയ ഗൃഹനിർമ്മാണ ശാസ്ത്രം, ക്ഷേത്രവിധാനം, വാസ്തുവിദ്യ ഫോർ കണ്ടംപററി ഹൗസിംഗ് എന്നിവയാണ് മറ്റു പുസ്തകങ്ങൾ. മയമതത്തെ കൂടാതെ സമരാങ്കണ സൂത്രധാര, മാനസാരം , അപരാചിതപ്രശ്ച തുടങ്ങിയവ വാസ്തുശാസ്ത്ര സംബന്ധിയായ മറ്റു ആധികാരിക ഗ്രന്ഥങ്ങളിൽ പെടുന്നു.
മലയാളിയും വാസ്തുചിന്തകളും
വാസ്തുശാസ്ത്രത്തോട് വളരെ ആഭിമുഖ്യമുള്ളവരാണ് മലയാളികൾ. എന്നാൽ വലിയൊരു വിഭാഗവും ഈ മേഖലയിൽ അത്ര വിദഗ്ദ്ധമല്ലാത്ത കുറിപ്പുകൾക്ക് പിറകെ പോകുന്നവരാണ്. അവിടെയാണ് പ്രശ്നം വരുന്നത്. വാസ്തുവിനെ കുറിച്ച് ആര് എന്തു പറഞ്ഞാലും വിശ്വസിക്കുന്ന അവസ്ഥ. കണക്കിലും രൂപകൽപനയിലുമാണ് വാസ്തുവിൽ പ്രാധാന്യം. വലിയൊരു ശതമാനം വാസ്തുവിദഗ്ദ്ധരും തങ്ങളെ സമീപിക്കുന്നവർക്ക് ഈ വിഷയത്തിൽ ആഴത്തിലുള്ള അവബോധം നൽകുന്നില്ല എന്നത് വിഷമകരമാണ്. വാസ്തുശാസ്ത്ര പ്രകാരമുള്ള അളവുകൾ സ്വീകരിക്കുന്നതിൽ കേരളത്തിൽ തെക്കൻ, വടക്കൻ എന്നൊരു വ്യത്യാസം നിലനിൽക്കുന്നുണ്ട്. വടക്കൻ കേരളത്തിൽ അംഗുലമാനവും തെക്കൻ കേരളത്തിൽ കോൽമാനവുമാണ് അളവായി സ്വീകരിച്ചു വരുന്നത്. യഥാർത്ഥത്തിൽ കോൽമാനമേ സ്വീകരിക്കാൻ പാടുള്ളൂ. മലബാർ മേഖലയിൽ എങ്ങനെയോ തെറ്റായി വ്യാപരിച്ച ഒരു രീതിയാണ് അംഗുലമാനം. വസ്തുക്കളുടെ വലുപ്പം അനുസരിച്ചാണ് യൂണിറ്റ് സ്വീകരിക്കേണ്ടത്. ഗൃഹനിർമ്മാണത്തിന് കോൽമാനമാണ് ഉപയോഗിക്കേണ്ടതെന്ന് മയമതത്തിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾ മുഴുവനും കോൽമാനത്തിലും മലബാറിലെ ക്ഷേത്രങ്ങൾ അംഗുലമാനത്തിലുമാണ് പണികഴിപ്പിച്ചിട്ടുള്ളത്. വടക്കൻ കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും ഒരു കാലത്ത് നശിപ്പിക്കപ്പെട്ടിട്ടും തിരുവിതാംകൂറിൽ അതിന്റെ വ്യാപ്തി വളരെ കുറവായിരുന്നു. നിർമ്മിതിയുടെ പ്രത്യേകത ഇതിനു പിന്നിലെ ഒരു പ്രധാന ഘടകമായിരുന്നു എന്നതിൽ സംശയമില്ല.
അനുഭവജ്ഞാനമാണ് അറിവ്
എൻജിനിയറിംഗ് ബിരുദവും ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ നിന്നുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമയുമായിരുന്നു എന്റെ അടിസ്ഥാന വിദ്യാഭ്യാസം. കുറച്ചു കാലത്തിനു ശേഷം അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്നും റിയൽ എസ്റ്റേറ്റ് വാല്യുവേഷനിൽ ബിരുദാനന്തര ബിരുദം നേടി. വാസ്തു ശാസ്ത്രത്തിൽ പിഎച്ച്ഡിയെക്കുറിച്ച് ചിന്ത വന്നപ്പോഴാണ് കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ബിരുദാനന്തര ബിരുദം സംസ്കൃതത്തിൽ തന്നെയാകണമെന്ന നിബന്ധനയുള്ളതായി അറിഞ്ഞത്. തുടർന്ന് കാഞ്ചി മഠത്തിന് കീഴിലുള്ള കാഞ്ചി യൂണിവേഴ്സിറ്റിയിൽ ഗവേഷണത്തിന് (ഇന്റർ ഡിസിപ്ലിനറി) അവസരം ലഭിച്ചു. ശാസ്ത്രത്തിന്റെ തലം അനുഭവജ്ഞാനമാണ്. അനുഭവത്തിലൂടെ വരുന്നതേ നമുക്ക് ശാസ്ത്രത്തിൽ പറയാൻ കഴിയൂ. എന്റെ ഗവേഷണത്തിലൂടെ ഞാൻ ശ്രമിച്ചതും അതിനുതന്നെയാണ്. കാഞ്ചി യൂണിവേഴ്സിറ്റിയാണ് പി എച്ച് ഡി നൽകിയതെങ്കിലും ഗവേഷണം നടന്നത് മണ്ണുത്തി കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലായിരുന്നു. വാസ്തുവിദ്യയിൽ മരണചുറ്റ് എന്നു പറയുന്ന ഒരു സംഗതിയുണ്ട്. അത് കെട്ടുകഥയല്ല, പകരം നിലനിൽക്കുന്ന ഒന്നാണെന്ന് ഗവേഷണത്തിലൂടെ തെളിയിക്കാൻ എനിക്ക് കഴിഞ്ഞു. വടക്ക് കിഴക്കോട്ട് ചരിഞ്ഞ സ്ഥലങ്ങൾ സമ്പദ് സമൃദ്ധമാണെന്ന് വാസ്തുവിൽ പറയുന്നുണ്ട്. ഇതിനെ ഭൂമിയിലെ മുഴുവൻ രാജ്യങ്ങളുടെയും ഭൂപ്രകൃതിയെ പഠനവിഷയമാക്കി പരിശോധിച്ച് വാദം ശരിയാണെന്ന് തെളിയിക്കാൻ ഗവേഷണത്തിന്റെ രണ്ടാം ഭാഗത്തിലൂടെ സാധിച്ചു. വാസ്തു വിദ്യയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കായി 'വാസ്തുശാസ്ത്ര ഡോ. മനോജ് എസ്.നായർ" എന്ന പേരിൽ യൂട്യൂബ് ചാനലുമുണ്ട്.