ന്യൂഡൽഹി: അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെ കോടതി അലക്ഷ്യ നടപടികൾ ആരംഭിച്ച് സുപ്രീംകോടതി. ഇതുസംബന്ധിച്ച നോട്ടീസ് കോടതി അദ്ദേഹത്തിന് കൈമാറി. "അധിക്ഷേപ" ട്വീറ്റുകൾ പ്രസിദ്ധീകരിച്ച ട്വിറ്ററിനെതിരെയും സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു. പ്രശാന്ത് ഭൂഷൺ ആഗസ്റ്റ് അഞ്ചിന് മുമ്പ് സുപ്രീം കോടതിക്ക് വിശദീകരണം നൽകേണ്ടി വരും. കോടതി നിർദേശിച്ചാൽ ട്വീറ്റുകൾ മാറ്റാൻ തയ്യാറാണെന്ന് ട്വിറ്റർ അറിയിച്ചു.
"ചരിത്രകാരന്മാർ കഴിഞ്ഞ ആറ് വർഷം പിന്നിലേക്ക് ഒന്ന് തിരിഞ്ഞുനോക്കിയാൽ, ഔദ്യോഗികമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതിരുന്നിട്ട് പോലും ഇന്ത്യയിൽ ജനാധിപത്യം എങ്ങനെ നശിപ്പിക്കപ്പെട്ടുവെന്ന് ചിന്തിച്ചാൽ, ആ നാശത്തിൽ സുപ്രീം കോടതിയുടെ പങ്കും, പ്രത്യേകിച്ച് കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാരുടെ പങ്കും വ്യക്തമാകും" എന്നാണ് 2020 ജൂൺ 27 ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്. "കോടതി പൂട്ടിയിടുകയും പൗരന്മാർക്ക് നീതിക്കുള്ള അവകാശം നിഷേധിക്കുകയും ചെയ്ത" ചീഫ് ജസ്റ്റിസ് ബോബ്ഡെ ഹാർലി ഡേവിഡ്‌സൺ ബൈക്കിൽ മാസ്കും ഹെൽമെറ്റും ഇല്ലാതെ ഫോട്ടോയെടുക്കാൻ പോയ സംഭവത്തെ കുറിച്ചായിരുന്നു മറ്റൊരു ട്വീറ്റ്.
ഇതു കൂടാതെ, കൊവിഡ് വ്യാപനം തടയാനായി മോദി സർക്കാർ രാത്രി പ്രഖ്യാപിച്ച അപ്രതീക്ഷിത ലോക്ക് ഡൗണിനെ തുടർന്ന് കുടിയേറ്റ തൊഴിലാളികൾ അനുഭവിച്ച പ്രതിസന്ധി കോടതി കൈകാര്യം ചെയ്ത രീതിയും, ഭീമ-കൊറെഗാവ് കേസിൽ അറസ്റ്റ് ചെയ്ത വരവര റാവു, സുധാ ഭരദ്വാജ് തുടങ്ങിയവരുടെ കാര്യത്തിൽ നീതി ലഭിച്ചില്ല എന്ന് ട്വീറ്റും വിവാദത്തിന് വഴിയൊരുക്കിയിരുന്നു.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയേയും മുൻ ചീഫ് ജസ്റ്റിസുമാരേയും ട്വിറ്റർ വഴി വിമർശിച്ചതിനാണ് കോടതിയലക്ഷ്യക്കേസ് എടുത്തത്. ചീഫ് ജസ്റ്റിസ് ബോബ്‌ഡെയെ വിമർശിച്ചതിന് പ്രശാന്ത് ഭൂഷണ് എതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് മദ്ധ്യപ്രദേശിലെ ഒരു അഭിഭാഷകനും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസുമാരായ അരുൺ മിശ്ര, ബി ആർ ഗവായി, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് വീഡിയോ കോൺഫറൻസ് വഴിയാണ് കേസ് പരിഗണിച്ചത്.
സംഭവത്തിൽ ബെഞ്ച് അറ്റോണി ജനറൽ കെ.കെ വേണുഗോപാലിന്റെ സഹായവും തേടിയിട്ടുണ്ട്. 2009-ൽ തെഹൽക മാഗസിനിന് നൽകിയ അഭിമുഖത്തിൽ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എച്ച്. കപാഡിയക്കെതിരായി നടത്തിയ പരാമർശങ്ങളുടെ പേരിലും പ്രശാന്ത് ഭൂഷൺ നേരത്തെ കോടതിയലക്ഷ്യ നടപടി നേരിട്ടിട്ടുണ്ട്.