raid

തിരുവനന്തപുരം: യു എ ഇ കോൺസൽ ജനറലിന്റെ മുൻ ഗൺമാൻ ജയഘോഷിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. തിരുവനന്തപുരം വട്ടിയൂർക്കാവിലെ വീട്ടിൽ ഇന്നുച്ചയോടെയാണ് റെയ്ഡ് ആരംഭിച്ചത്. ഇവിടെ നിന്ന് എന്തെങ്കിലും രേഖകൾ ലഭിച്ചോ എന്ന് വ്യക്തമല്ല.ആക്കുളത്തെ വീട്ടിലും പരിശോധന നടത്തുകയാണെന്നാണ് റിപ്പോർട്ട്.

ജയഘോഷിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് അറിയുന്നത്. ആത്മഹത്യാശ്രമത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ജയഘോഷിനെ കണ്ട് ഐ ബി ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇയാൾക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് കരുതുന്നത്. ജയഘോഷിന് കോൺസുലേറ്റിലെ ഇടപാടുകളെക്കുറിച്ച് വ്യക്തമായ ബോധ്യമുളളതായാണ് അന്വേഷണസംഘം കരുതുന്നത്.

സർവീസ് ചട്ടങ്ങൾ ലംഘിച്ചതിന് ഇയാൾ ഇപ്പോൾ സസ്പെൻഷനിലാണ്. അറ്റാഷെ രാജ്യം വിട്ടത് അറിയിച്ചില്ല, സർവീസ് റിവോൾവർ മടക്കി ഏൽപ്പിച്ചില്ല തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് സസ്പെൻഡുചെയ്തത്.