vishnuprasad

കൊച്ചി: പ്രളയഫണ്ട് തട്ടിപ്പ് കേസിലെ പ്രതിയായ വിഷ്‌ണു പ്രസാദിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് വ്യക്തമാക്കിയ കോടതി ഇത്തരക്കാരെ ഉരുക്ക് മുഷ്ടി കൊണ്ട് നേരിടണമെന്ന് വ്യക്തമാക്കി.

പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ വിഷ്ണു പ്രസാദിന് ജാമ്യം ലഭിച്ചിരുന്നു. പൊലീസ് കുറ്റപത്രം നൽകാതിരുന്നതിനെ തുടർന്നായിരുന്നു നേരത്തേ ജാമ്യം ലഭിച്ചത്. എന്നാൽ ഇതിന് പിന്നാലെ വിഷ്‌ണുവിനെ രണ്ടാമത്തെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.

ദുരിതാശ്വാസ നിധിയിൽ സ്‌കൂൾ കുട്ടികളുടെ വരെ സംഭാവനയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഒരു ന്യായീകരണവും ഇക്കാര്യത്തിൽ ഇല്ലെന്നും വ്യക്തമാക്കി. അനർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പോയ പ്രളയ ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തതിൽ തിരിമറി കാണിച്ചുവെന്നാണ് കേസ്.

സർക്കാർ നിർദേശപ്രകാരം പ്രളയ ദുരിതാശ്വാസ സഹായം നൽകിയ 291 പേരിൽ 266 പേരുടെ പണം കൈകാര്യം ചെയ്തത് കളക്ട്രേറ്റിൽ ഉദ്യോഗസ്ഥനായിരുന്ന വിഷ്ണു പ്രസാദാണ്. ഇയാൾ ഒപ്പിട്ട് വാങ്ങിയ ഒരു കോടി പതിമൂന്ന് ലക്ഷം രൂപയിൽ 48.3 ലക്ഷം മാത്രമാണ് ട്രഷറിയിൽ അടച്ചത്. ബാക്കി പണം വിഷ്ണു തട്ടിയെടുക്കകയായിരുന്നു.