മുംബയ്: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന് തന്റെ സംഗീതത്തിലൂടെ ശ്രദ്ധാഞ്ജലിയൊരുക്കി എ.ആർ.റഹ്മാൻ. സുശാന്ത് അവസാനമായി അഭിനയിച്ച ചിത്രം 'ദിൽ ബേച്ചാര'യിൽ താൻ സംഗീതം നൽകിയ ഗാനങ്ങൾ വെർച്വൽ തൽസമയ സംഗീതസദസ്സിലൂടെ അതേ ഗായകരോടൊത്ത് അവതരിപ്പിച്ചാണ് റഹ്മാൻ ആദരം അർപ്പിച്ചത്. സുശാന്തും സഞ്ജന സംഖിയുമാണ് ദിൽ ബേച്ചാരയിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുകേഷ് ഛബ്ര ആണ് സംവിധാനം.
ചിത്രത്തിനു വേണ്ടി താൻ തയ്യാറാക്കിയ ഒൻപത് ഗാനങ്ങൾ എന്നും പ്രത്യേകത നിറഞ്ഞവ ആയിരിക്കും. അവയ്ക്ക് ഇന്ന് മറ്റൊരു അർത്ഥതലം വന്നിരിക്കുകയാണെന്ന് സുശാന്തിന് ആദരാഞ്ജലി അർപ്പിച്ച് റഹ്മാൻ പറഞ്ഞു. ശേഷം ചിത്രത്തിന്റെ പ്രധാന ഗാനം റഹ്‌മാനും മകൾ റഹീമ റഹ്‌മാനും മകൻ എ ആർ അമീനും ഹിരാൽ വിരാഡിയയും ചേർന്ന് ആലപിച്ചു. തുടർന്ന് മസ്കാരി എന്ന ഗാനം ഹൃദയ് ഗട്ടാനിയും സുനീതി ചൗഹാനും ചേർന്ന് ആലപിച്ചു.
താരെ ജിൻ എന്ന എന്ന ഗാനം മോഹിത് ചൗഹാനും ശ്രേയ ഘോശാലും ചേർന്ന് പാടി. ആർജിത് സിംഗ്,സാഷാ ത്രിപാഠി, ജോനിത ഗാന്ധി, ഹൃദയ് ഗട്ടാനി എന്നിവർ പാടിയ ചിത്രത്തിലെ ഗാനങ്ങളും അവതരിപ്പിച്ചു. ചിത്രം ഡിസ്‌നി ഹോട്‌സ്‌റ്റാറിലൂടെ ജൂലായ് 24 ന് റിലീസ് ചെയ്യും.