delhi-covid

ന്യൂഡൽഹി: ഡൽഹിയിൽ ജനങ്ങൾക്കിടയിൽ കൊവിഡിന്റെ വ്യാപ്തി പരിശോധിക്കുന്നതിനുള്ള സെറോ സർവെകൾ എല്ലാ മാസവും നടത്താൻ സർക്കാർ തീരുമാനമായി. ആഗസ്റ്റ് 1 മുതൽ 5 വരെയാകും സർവ്വെയുടെ ആദ്യ ഘട്ടത്തിന്റെ തുടക്കം. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ശരാശരി രണ്ടായിത്തിൽ താഴെയായി രോഗബാധിതരുടെ എണ്ണം കുറഞ്ഞതെങ്കിലും ഡൽഹിയിലെ അഞ്ചുപേരിൽ ഒരാളെങ്കിലും രോഗം പിടിപെട്ടതായി സെറോ സർവേ സൂചിപ്പിക്കുന്നു.

രോഗം ബാധിച്ചവരിൽ വലിയൊരു വിഭാഗം രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാത്തവരാണ്. രാജ്യ തലസ്ഥാനത്ത് വൈറസ് പടരുന്നത് മനസിലാക്കാൻ എല്ലാ മാസവും സെറോ സർവെ നടത്താൻ സർക്കാർ തീരുമാനിച്ചതായി ആരോഗ്യമന്ത്രി ഡോ. സത്യേന്ദർ ജെയിനാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്.

ഡൽഹിയിൽ അവസാനമായി നടത്തിയ സെറോ സർവെയുടെ ഫലങ്ങൾ സൂചിപ്പിക്കുന്നത് ആറുമാസക്കാലം പകർച്ചവ്യാധിയുണ്ടായപ്പോൾ 23.48 ശതമാനം ആളുകൾക്ക് നഗരത്തിൽ കൊവിഡ് പിടിപെട്ടിട്ടുണ്ട് എന്നാണ്. ഇതുവരെ 1.2 ലക്ഷത്തിലധികം കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വലിയൊരു ശതമാനം ആളുകൾ ഇപ്പോഴും രോഗബാധിതരാണെന്നും എല്ലാ പ്രതിരോധ നടപടികളും തുടരേണ്ടതുണ്ടെന്നും സർക്കാരും വിദഗ്‌ദ്ധരും മുന്നറിയിപ്പ് നൽകുന്നു.

ശുചിത്വവും സാമൂഹിക അകലവുമായി ബന്ധപ്പെട്ട് നിലവിൽ സ്വീകരിച്ച് വരുന്ന എല്ലാ നടപടികളും തുടരേണ്ടതുണ്ടെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം. എല്ലാവരും എപ്പോഴും മാസ്ക് ധരിക്കുകയും സ്വയം ശുചിത്വം പാലിക്കുകയും വേണം. കേസുകൾ കുറയുമ്പോൾ ആളുകൾ നിയന്ത്രണങ്ങൾ മറക്കുകയും ഇത് കേസുകളുടെ രണ്ടാം കുതിച്ചുചാട്ടത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് പാശ്ചാത്യ രാജ്യങ്ങളിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഡൽഹിയിൽ ഇത്തരമൊരു സാഹചര്യം തടയേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.