ലോസ്ആഞ്ചലസ് : യു.എസിൽ അലാസ്ക തീരത്ത് ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തി. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 10.12നായിരുന്നു ഭൂചലനമുണ്ടായത്. അലാസ്കയിലെ പെരിവില്ല് നഗരത്തിൽ നിന്നും 98 കിലോമീറ്റർ തെക്ക് - കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭാവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഭൂചലനത്തെ തുടർന്ന് അലാസ്ക തീരത്ത് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിൻവലിച്ചു.
വരുന്ന ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശക്തമായ സുനാമിത്തിരകൾ അലാസ്കയിൽ ആഞ്ഞടിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഭൂചലനമുണ്ടായി രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് സുനാമി മുന്നറിയിപ്പ് പിൻവലിച്ചത്. തെക്കൻ അലാസ്ക, അലാസ്ക ഉപദ്വീപ് ഭാഗങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 3.9 മുതൽ 6.1 വരെയുള്ള 11 ഓളം തുടർച്ചലനങ്ങളും ഉണ്ടായതായി റിപ്പോർട്ടുണ്ട്. വടക്കേ അമേരിക്കയിലെ മറ്റ് യു.എസ്, കനേഡിയൻ പസഫിക് തീരങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പസഫിക് സുനാമി വാർണിംഗ് സെന്റർ വ്യക്തമാക്കി.