-flesh

ബെയ്ജിംഗ്: പാതിവേവിച്ച മീൻ കഴിച്ചതിനെ തുടന്ന് അമ്പത്തഞ്ചുകാരന് നഷ്ടമായത് കരളിന്റെ പാതി ഭാഗം. ചെനയിലാണ് സംഭവം. ഇയാളുടെ കരളിനുള്ളില്‍ ഫ്‌ളാറ്റ് വേംസ്(Flatworms) മുട്ടയിടുകയായിരുന്നു. തുടര്‍ന്നാണ് കരളിന്റെ പാതി ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവന്നത്.

ആവശ്യത്തിന് വേവിക്കാത്ത വിധം പാകം ചെയ്ത മീന്‍ കഴിച്ചിരുന്നുവെന്ന് രോഗി ഡോക്ടര്‍മാരോട് വ്യക്തമാക്കിയിരുന്നു. മീനിനുള്ളില്‍ ഉണ്ടായിരുന്ന ഫ്‌ളാറ്റ് വേംസ്, രോഗിയുടെ ശരീരത്തിലെത്തി കരളില്‍ മുട്ടയിട്ടതാവാം എന്നാണ് കരുതുന്നത്. വിശപ്പില്ലായ്മ, വയറിളക്കം, തളര്‍ച്ച, വയറുവേദന തുടങ്ങിയവ അനുഭവപ്പെട്ടതിനു പിന്നാലെയാണ് ഇദ്ദേഹം ആശുപത്രിയിലെത്തിയത്.

സ്‌കാനിംഗിന് വിധേയനാക്കിയപ്പോള്‍ ഇദ്ദേഹത്തിന്റെ കരളിന്റെ ഇടതുഭാഗത്തായി 19 സെന്റി മീറ്റര്‍ നീളവും 18 സെന്റി മീറ്റര്‍ വീതിയുമുള്ള ഒരു ആവരണം കണ്ടെത്തി. ഈ ആവരണത്തിന് മുകളില്‍ മുഴകളും വളരാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് വിശദ പരിശോധനയ്ക്കു ശേഷം, ഇദ്ദേഹത്തിന് ക്ലോണോര്‍ക്കിയാസിസ്(പാരസൈറ്റിക് ഫ്‌ളാറ്റ് വേംസ് മൂലം ഉണ്ടാകുന്ന രോഗം) ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

കരളിനു മീതേ രൂപപ്പെട്ട ആവരണത്തില്‍നിന്ന് ദ്രാവകം നീക്കം ചെയ്യാനും അതിലൂടെ അതിന്റെ വലിപ്പം കുറയ്ക്കാനും ഡോക്ടര്‍മാര്‍ ശ്രമിച്ചു. എന്നാൽ ഇതൊന്നും വേണ്ടത്ര ഫലം കണ്ടില്ല. തുടര്‍ന്ന് കരളിന്റെ രോഗബാധിതമായ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നീക്കം ചെയ്ത ഭാഗത്താണ് ഫ്‌ളാറ്റ് വേംസിന്റെ നിരവധി മുട്ടൾ കണ്ടെത്തിയത്.