amch

ബീജിംഗ്: വിവിധ കാരണങ്ങൾ കൊണ്ട് കുറച്ച് കാലമായി അത്ര രസത്തിലല്ല അമേരിക്ക-ചൈന ബന്ധം. കൊവിഡ് രോഗം ചൈനയിൽ നിന്നും ലോകമാകെ പടർന്നതോടെ അത് ഒന്നുകൂടി മൂർച്ഛിച്ചു. ചൈനയുടെ അശ്രദ്ധയാണ് രോഗം പടരാൻ കാരണമെന്ന് വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ട്രംപ് തന്നെ വിമർശനവുമായി മുന്നോട്ട് വന്നു.

ഹൂസ്‌റ്റണിലെ ചൈനയുടെ കോൺസുലേ‌റ്റ് ധൃതിപിടിച്ച് അടപ്പിക്കാൻ ഉത്തരവിട്ടതാണ് അമേരിക്ക-ചൈന ബന്ധത്തിലെ പുതിയ ഇപ്പോഴത്തെ തർക്കവിഷയം . ഇതിനെതിരെ ചൈനീസ് വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഇതിന് പ്രതികാരം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. ടെക്‌സാസ് സി‌റ്റിയിലുള‌ള ഓഫീസ് മൂന്ന് ദിവസത്തിനകം അടയ്ക്കാനാണ് അമേരിക്കയുടെ നിർദ്ദേശമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അമേരിക്കയുടെ ഈ അബദ്ധമായ തീരുമാനം ഉടനടി റദ്ദാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്. ഇനിയും തെ‌റ്റാ‌യ വഴിയിൽ അമേരിക്ക നീങ്ങിയാൽ ശക്തമായ തിരിച്ചടിയുണ്ടാകും. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ അഭിപ്രായപ്പെട്ടു. കോൺസുലേ‌റ്റ് പരിസരത്ത് ചില രേഖകൾ ചൈനീസ് അധികൃതർ കത്തിച്ചതാണ് കുഴപ്പമുണ്ടാകാൻ കാരണം. തീയിട്ടത് അറിഞ്ഞെത്തിയ ഹൂസ്‌റ്റൺ അഗ്നിശമന സേനയെ അവിടേക്ക് കടക്കാൻ അനുവദിച്ചില്ലെന്ന് സ്ഥലത്തെ അഗ്നിശമനസേന ചീഫ് സാമുവൽ പെന പറഞ്ഞു. ഇതാണ് അമേരിക്കൻ ഭരണകൂടം പെട്ടെന്ന് നടപടിയെടുക്കാൻ കാരണം.

കൊവിഡിനു പുറമേ വ്യാപാരം,സാങ്കേതിക വിദ്യ, ഹോങ്‌കോംഗിലെ ദേശീയ സുരക്ഷ നിയമം, ദക്ഷിണ ചൈന കടലിലെ പ്രശ്‌നങ്ങൾ ഇവയിലാണ് അമേരിക്കയും ചൈനയുമായി നിലവിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നത്. മാത്രമല്ല അമേരിക്കൻ നിയമ വകുപ്പ് ഒരു പതിറ്റാണ്ടോളമായി അമേരിക്കയിൽ ചാരപ്രവൃത്തി നടത്തുന്ന രണ്ട് ചൈനീസ് പൗരന്മാരെ കുറിച്ചുള‌ള വിവരം പുറത്ത് വിട്ടിരുന്നു. മരുന്ന് ഗവേഷണം, ആയുധ ഡിസൈൻ,വ്യക്തി വിവരങ്ങൾ ഇവയൊക്കെയാണ് ഇവർ ചോർത്തിയിരുന്നതെന്ന് അമേരിക്കൻ നിയമ വകുപ്പ് അധികൃതർ അറിയിച്ചു.