hyundai-venue

ന്യൂഡൽഹി: ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യയിലെ കോംപാക്ട് എസ്.യു.വി സെഗ്മെന്റിലേക്ക് വളരെ വൈകിയാണ് കടന്നു വന്നത്.'ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വരും' എന്ന് പറയും പോലെ വൈകി എത്തിയെങ്കിലും സെഗ്മെന്റില്‍ തന്റേതായ സ്ഥാനം എത്തിപ്പിടിക്കാന്‍ വെന്യുവിന് അധികം സമയം ഒന്നും വേണ്ടി വന്നില്ല. വെന്യു കോംപാക്ട് എസ്.യു.വിയില്‍ പുതിയ ക്ലച്ചില്ലാ മാന്വല്‍ ഗിയര്‍ബോക്സ് അവതരിപ്പിച്ചിരിക്കുകയാണിപ്പോൾ.

ഇന്റലിജന്റ് മാന്വല്‍ ട്രാന്‍സ്മിഷന്‍ (ഐ.എം.ടി) എന്ന് ഹ്യുണ്ടേയ് വിളിക്കുന്ന പുത്തന്‍ ട്രാന്‍സ്മിഷന്‍ വെന്യുവിന്റെ 120 എച്ച്.പി പവറും 172 എന്‍.എം ടോര്‍ക്കും നിര്‍മ്മിക്കുന്ന 1.0-ലിറ്റര്‍, ഡയറക്റ്റ്-ഇന്‍ജെക്ഷന്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനൊപ്പം മാത്രമേ ലഭിക്കൂ. എസ്.എക്സ്,എസ്.എക്സ്(ഒ) എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഐ.എം.ടി ട്രാന്‍സ്മിഷനുള്ള ഹ്യുണ്ടേയ് വെന്യു വില്പനക്കെത്തിയിരിക്കുന്നത്. ഈ വേരിയന്റുകള്‍ക്ക് യഥാക്രമം 9.99 ലക്ഷവും 11.08 ലക്ഷവും ആണ് എക്സ്-ഷോറൂം വില. ഓട്ടോമാറ്റിക് കാറുകളെ പോലെ ആക്‌സിലറേറ്റര്‍, ബ്രേയ്ക്ക് എന്നിങ്ങനെ രണ്ട് പെഡലുകള്‍ മാത്രമേ ഐ.എം.ടി ഗിയര്‍ബോക്സുള്ള വെന്യുവിലുള്ളു. അതെ സമയം എച്ച് പാറ്റേണിലുള്ള ആറ് സ്പീഡ് ഗിയര്‍ബോക്സ് ആണ് ഐ.എം.ടി.

ഐ.എം.ടി ഗിയര്‍ബോക്സിന്റെ ലിവര്‍ നമ്മുടെ ആവശ്യാനുസരണം ഇടതു കൈ ഉപയോഗിച്ച് ഡ്രൈവ് ചെയ്യുന്ന വ്യക്തി തന്നെ മാറ്റണം, പക്ഷെ ക്ലച്ച് ചവിട്ടേണ്ട എന്ന് മാത്രം. ഹ്യുണ്ടേയ് വെന്യു സ്‌പോര്‍ട്ട് ഐ.എം.ടി ഗിയര്‍ബോക്സുള്ള വെന്യുവിനൊപ്പം സ്‌പോര്‍ട്ട് വേരിയന്റും കോംപാക്ട് എസ്.യു.വി മോഡലില്‍ ഹ്യുണ്ടേയ് അവതരിപ്പിച്ചു. ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌പോര്‍ട്ട് ബാഡ്ജിങ്, ചുവപ്പു നിറത്തിലുള്ള ബ്രേയ്ക്ക് കാലിഫര്‍, ചുവപ്പു ഇന്‍സെര്‍ട്ടുള്ള കറുപ്പില്‍ പൊതിഞ്ഞ ഗ്രില്‍, ചുവപ്പ് ഗാര്‍ണിഷുള്ള ഗ്രേ റൂഫ് റെയില്‍, വീല്‍ ആര്‍ച്ചുകളിലും സൈഡ് മോള്‍ഡിങ്ങുകളിലുമുള്ള ചുവപ്പ് ഗാര്‍ണിഷ് എന്നിവയാണ് വെന്യു സ്‌പോര്‍ട്ടിന്റെ വ്യത്യസ്തമാക്കുന്നത്. എസ്.എക്സ്,എസ്.എക്സ്(ഒ),എസ്.എക്സ് (പ്ലസ്) എന്നിങ്ങനെ 3 വേരിയന്റുകളിലാണ് ഹ്യുണ്ടേയ് വെന്യു സ്‌പോര്‍ട്ട് വില്പനക്കെത്തിയിരിക്കുന്നത്.