ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ രോഗമുക്തരായി എന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. 28,472 രോഗികളാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ കൊവിഡ് മുക്തരായത്. രാജ്യത്തെ രോഗമുക്തി നിരക്ക് 63 ശതമാനം ആയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. പത്തൊമ്പത് സംസ്ഥാനങ്ങളിളും കേന്ദ്രഭരണപ്രദേശങ്ങളിലും 63.13 ശതമാനം രോഗമുക്തി നിരക്കുണ്ടെന്നാണ് കേന്ദ്രസർക്കാർ കണക്കുകൾ സഹിതം പറയുന്നത്.
അതേസമയം രോഗമുക്തി നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ല. 84.83 ശതമാനവുമായി രാജ്യതലസ്ഥാനമായ ഡൽഹിയാണ് കൊവിഡ് മുക്തരായവരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നിൽ 84.31 ശതമാനവുമായി ലഡാക്കാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണേന്ത്യൻ സംസ്ഥാനമായ തെലങ്കാന 78.37 ശതമാനവുമായി മൂന്നാം സ്ഥാനത്തുള്ളപ്പോൾ പ്രസ്‌തുത സംസ്ഥാനങ്ങളുടെ അടുത്ത് പോലും എത്താൻ കേരളത്തിന് ആയിട്ടില്ല.
മറ്റൊരു അയൽസംസ്ഥാനമായ തമിഴ്നാട് 70.12 ശതമാനവുമായി രോഗമുക്തി നേടുന്ന സംസ്ഥാനങ്ങൾക്ക് ഇടയിൽ പത്താം സ്ഥാനത്തുണ്ട്. പിന്നോക്ക സംസ്ഥാനമായ ബീഹാർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പട്ടികയിൽ ഇടംപിടിച്ചപ്പോൾ കേരളത്തിന്റെ പിന്നോട്ട് പോക്ക് വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കും. കൊട്ടിഘോഷിച്ച കേരള മോഡലിനേറ്റ തിരിച്ചടിയായി പ്രതിപക്ഷം ഇതിനെ ഉയർത്തികാട്ടാനും സാദ്ധ്യതയുണ്ട്.
നേരത്തെ തന്നെ രോഗമുക്തരാകുന്ന രോഗികളുടെ എണ്ണം കേരളത്തിൽ കുറവാണെന്ന വലിയ ആക്ഷേപം ഉയർന്നിരുന്നു. സംസ്ഥാനത്തെ പല കൊവിഡ് കേന്ദ്രങ്ങളിലും ഇരുപത് ദിവസത്തിലേറെയാണ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ രോഗികൾക്ക് കഴിയേണ്ടി വരുന്നത്. അതിന് പരിഹാരം കാണാനായണ് പ്രോട്ടോക്കോളിൽ മാറ്റം വരുത്തി റാപ്പിഡ് ടെസ്റ്റ് നടത്താൻ ഇന്ന് സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്.