joe-biden

വാഷിംഗ്​ടൺ: അമേരിക്കൻ പ്രസിഡന്റ്​ ഡോണാൾഡ്​ ട്രംപിനെ തോൽപ്പിക്കാൻ അമേരിക്കൻ മുസ്​ലിങ്ങളോട്​ ആഹ്വാനം ചെയ്ത് ഡെമോക്രാറ്റിക്​ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡ​ൻ. ട്രംപി​ന്റെ ഭരണത്തിൽ അമേരിക്കയിൽ ഇസ്​ലാമോഫോബിയ വളർന്നു. അമേരിക്കയുടെ സുരക്ഷ മുൻനിറുത്തിയാണെന്ന കാരണം ചൊല്ലി മുസ്​ലിംകൾക്കെതിരെ ട്രംപ്​ ഏർപ്പെടുത്തിയ വിസാ നിയന്ത്രണങ്ങൾ​ അധികാരത്തിലെത്തിയാലുടൻ പിൻവലിക്കുമെന്നും ബൈഡൻ പ്രഖ്യാപിച്ചു.

അമേരിക്കയിലെ മുസ്​ലിം സമൂഹത്തെ ഓൺലൈൻ വീഡിയോയിലൂടെ അഭിമുഖീകരിക്കവേയാണ്​ ബൈഡൻ നിലപാടുകൾ വ്യക്തമാക്കിയത്​. ഇസ്​ലാമിക വിശ്വാസത്തെ പരിചയപ്പെടുത്താൻ സ്​കൂളുകളിൽ കൂടുതൽ സൗകര്യമേർപ്പെടുത്തുമെന്നും ബൈഡൻ അറിയിച്ചു. സിറിയ, യെമൻ, ഗസ്സ എന്നിവിടങ്ങളിലെ മനുഷ്യക്കുരുതികൾക്കു​മേൽ ധാർമികമായ നിലപാടുകൾ സ്വീകരിക്കും. പാലസ്​തീനികളുടെയും ഇസ്രായേലി​ന്റെയും സ്വന്തം രാജ്യമെന്ന വാദത്തിനായി പോരാടും. തുല്യനീതി, കുറഞ്ഞ ചെലവിൽ ആരോഗ്യസംവിധാനങ്ങൾ, കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടം എന്നിവ മുൻനിറുത്തി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നവംബറിലാണ്​ അമേരിക്കൻ പ്രസിഡന്റ്​ തിരഞ്ഞെടുപ്പ്​.