തിരുവനന്തപുരം: മന്ത്രി ഇ പി ജയരാജന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തെ മാറ്റി. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ സി സജീഷിനെയാണ് മാറ്റിയത്. ഇയാൾക്കെതിരെയുളള സാമ്പത്തിക തിരിമറി അടക്കമുളള പരാതികളിൽ കഴമ്പുണ്ടെന്ന് പാർട്ടിക്ക് വ്യക്തമായതോടെയാണ് മാറ്റിയതെന്നാണ് റിപ്പോർട്ട്. പാർട്ടി നിർദ്ദേശത്തെ തുടർന്ന് ഇയാൾ സ്വമേധയാ രാജി നൽകുകയായിരുന്നു. എന്നാൽ സജീഷ് ആരോഗ്യപരമായ കാരണങ്ങളാലാണ് ഒഴിഞ്ഞതെന്നാണ് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. അതിനിടെ ജയരാജന്റെ പേഴ്സണൽ സ്റ്റാഫിലെ ഒരാൾക്കെതിരെക്കൂടി പരാതി ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെ യോഗം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിളിച്ചിട്ടുണ്ട്. സ്വർണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് യാേഗം വിളിച്ചത്. വിവാദങ്ങളും അഴിമതിയും ഒഴിവാക്കാൻ യോഗത്തിൽ കർശന നിർദ്ദേശം നൽകുമെന്നാണ് അറിയുന്നത്.