kala

 അഞ്ചു ലക്ഷം രൂപയടങ്ങിയതാണ് പുരസ്കാരം

സിംഗപ്പൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികവ് പ്രകടിപ്പിച്ച ഇന്ത്യൻ വംശജയായ നഴ്സിന് സിംഗപ്പൂർ സർക്കാരിന്റെ ആദരം. കല നാരായണസ്വാമി എന്ന നഴ്സിനാണ് സിംഗപ്പൂർ പ്രസിഡന്റിന്റെ വിശിഷ്ട സേവാ മെഡൽ ലഭിച്ചത്. തിരഞ്ഞെടുക്കപ്പെട്ട മികച്ച അഞ്ച് നഴ്സുമാരിൽ ഒരാളാണിവർ. ഫലകവും 5,38,720 ഇന്ത്യൻ രൂപയുമാണ് പുരസ്കാരം. കഴിഞ്ഞ 40 വർഷമായി നഴ്സായി പ്രവർത്തിക്കുന്ന കല പകർച്ചവ്യാധി രോഗ ശുശ്രൂഷയിൽ സ്പെഷ്യലൈസ് ചെയ്തിട്ടുണ്ട്. സിംഗപൂരിലെ നഴ്സിംഗ് മേഖലയിലെ നവീകരണത്തിൽ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. തനിക്ക് കിട്ടിയ പുരസ്കാരം ഒരു അംഗീകാരമായി കാണുന്നുവെന്നും 2003ൽ സാർസിൽ നിന്ന് ലഭിച്ച പരിശീലനം താൻ പ്രാവർത്തികമാക്കുകയാണ് ചെയ്തതെന്നും കല പറഞ്ഞു. 2022ൽ പ്രവർത്തനം ആരംഭിക്കുന്ന വുഡ്ലാൻഡ്സ് ഹെൽത്ത് കാമ്പസിൽ നഴ്സിംഗ് വിഭാഗം മേധാവിയായി ചുമതല ഏറ്റെടുക്കാനൊരുങ്ങുകയാണ് കല.