pompeo

വാഷിംഗ്ടൺ: സ്വാർത്ഥ താത്പര്യങ്ങൾക്കായി ചൈന കൊവിഡ് മഹാമാരിയുടെ സാഹചര്യത്തെ ചൂഷണം ചെയ്യുകയാണെന്ന് അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയുടെ സാമ്പത്തിക വിപുലീകരണ അജണ്ടയ്‌ക്കെതിരെ ലോകം മുഴുവൻ നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡിനെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവച്ചതിന് ചൈനയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. സ്വന്തം താത്പര്യത്തിനായി കൊവിഡ് മഹാമാരിയെ ഉപയോഗപ്പെടുത്താനുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമം ലജ്ജാകരമാണെന്ന് പോംപിയോ പറഞ്ഞു.

അയൽ രാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയും ഏറ്റുമുട്ടലിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന ചൈനയുടെ നടപടിയെയും ഇന്ത്യ-ചൈന സംഘർഷം സൂചിപ്പിച്ചുകൊണ്ട് പോംപിയോ വിമർശിച്ചു. നിയമപരമായി അവകാശമില്ലാത്ത സ്ഥലങ്ങളിൽ അവകാശവാദമുന്നയിക്കാനും മറ്റുള്ളവരെ ഭീഷണിപ്പെടുത്താനും ആർക്കും സാധിക്കില്ലെന്നും പോംപിയോ പറഞ്ഞു. ലോകത്തെ സഹായിക്കുന്നതിന് പകരം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ ലോകത്തിനു മുന്നിൽ കാട്ടുന്നത് അവരുടെ യഥാർത്ഥ മുഖമാണെന്നും പോംപിയോ കുറ്റപ്പെടുത്തി.