1766ൽ ഫ്രഞ്ച് പര്യവേഷകനായ ലൂയിസ് ആന്റോയിൻ ഡി ബോഗെയ്ൻവില്ലിന്റെ നേതൃത്വത്തിൽ ഫ്രഞ്ച് തീരത്ത് നിന്നും ലോകം ചുറ്റുന്നതിനായി രണ്ട് കപ്പലുകൾ പുറപ്പെടുകയുണ്ടായി. ലോകം ചുറ്റാൻ ലൂയിസ് ആന്റോയിൻ തിരഞ്ഞെടുത്തവരിൽ പ്രശസ്ത ഫ്രഞ്ച് സസ്യശാസ്ത്രജ്ഞനായ ഫിലിബെർട്ട് കൊമേഴ്സണിനെ തിരഞ്ഞെടുത്തിരുന്നു. കൊമേഴ്സണിന്റെ കാമുകിയായിരുന്നു ജീൻ ബാരറ്റ് എന്ന സസ്യ ശാസ്ത്രജ്ഞ. സമുദ്രയാത്ര എന്നത് ജീനിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ജീനും കൊമേഴ്സണിനൊപ്പം യാത്ര ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അന്ന് ഫ്രഞ്ച് നാവികരുടെ കപ്പലുകളിൽ സ്ത്രീകൾക്ക് വിലക്ക് നിലനിന്നിരുന്ന കാലമാണ്. പിന്നെങ്ങനെയാണ് ജീൻ ബോഗെയ്ൻവില്ലിന്റെ സംഘത്തോടൊപ്പം യാത്ര ചെയ്യുക. അങ്ങനെ കൊമേഴ്സണും ജീനും ചേർന്ന് ഒരു മാർഗം കണ്ടെത്തി. ജീൻ ആൺ വേഷം സ്വീകരിക്കുക എന്നതായിരുന്നു അത്. ഒരു ചെറുപ്പക്കാരന്റെ വേഷത്തിൽ ജീനും കപ്പലിൽ കയറിക്കൂടി. കൊമേഴ്സണിന്റെ സഹായിയുടെ രൂപത്തിലാണ് ജീനും അദ്ദേഹത്തിനൊപ്പം യാത്ര തുടങ്ങിയത്. ആൺ വേഷം ധരിച്ച് തന്റെ 26ാമത്തെ വയസിലാണ് ജീൻ തന്റെ ചരിത്ര യാത്ര ആരംഭിച്ചത്. 'എറ്റോയിൽ ' എന്ന കപ്പലിലായിരുന്നു യാത്ര.
രണ്ട് വർഷം ജീൻ കൊമേഴ്സണിന്റെ സഹായിയായി യാത്ര തുടർന്നു. യാത്രയ്ക്കിടെയിൽ പര്യവേഷണം നടത്തിയ ദ്വീപുകളിൽ നിന്നും നൂറിലേറെ സസ്യങ്ങളെ ഇരുവരും ചേർന്ന് കണ്ടെത്തി. അവർ കണ്ടെത്തിയതിൽ ഒന്ന് ബോഗെയ്ൻവില്ലേ ( കടലാസ് ) ചെടിയായിരുന്നു. തങ്ങളുടെ യാത്രയ്ക്ക് നേതൃത്വം നൽകിയ ലൂയിസ് ആന്റോയിൻ ഡി ബോഗെയ്ൻവില്ലിന്റെ പേരാണ് മനോഹരമായ ആ പൂച്ചെടിയ്ക്കും നൽകിയത്.
എന്നാൽ അവരുടെ സന്തോഷപൂർണമായ ആ യാത്ര അധികനാൾ നീണ്ടു നിന്നില്ല. ഏകദേശം 18 മാസങ്ങൾക്ക് ശേഷം കപ്പൽ സംഘം തഹീതി ദ്വീപിലെത്തി. ഇവിടെ വച്ച് ജീൻ ഒരു സ്ത്രീയാണെന്ന വിവരം ദ്വീപ് നിവാസികൾ കണ്ടെത്തിയതായാണ് ചരിത്രം പറയുന്നത്.
അതോടെ കപ്പൽ സംഘത്തിനൊപ്പം അനധികൃതമായി കയറിക്കൂടിയ ജീനിനെ പുറത്താക്കാൻ ലൂയിസ് ആന്റോയിനും സംഘവും തീരുമാനിച്ചു.
ഫ്രഞ്ച് കോളനിയായ മൗറീഷ്യസ് ദ്വീപിലെത്തിയ കപ്പലിൽ നിന്നും കൊമേഴ്സണിനെയും ജീനിനെയും പുറത്താക്കി. എന്നാൽ ഇരുവരും തോൽക്കാൻ തയാറായില്ല. മൗറീഷ്യസ് ദ്വീപിൽ ഇരുവരും പര്യവേഷണങ്ങൾ തുടർന്നു. എന്നാൽ ഇതിനിടെ രോഗബാധിതനായ കൊമേഴ്സൺ മരണത്തിന് കീഴടങ്ങി. അവിടെയും ജീൻ തോൽക്കാൻ തയാറായില്ല. മൗറീഷ്യസിൽ ഒരു ചെറിയ വഴിയമ്പലത്തിൽ ജീൻ ജോലി ചെയ്തു. ഇതിനിടെ ഒരു ഫ്രഞ്ച് ആർമി ഉദ്യോഗസ്ഥനെ കണ്ടുമുട്ടി. അദ്ദേഹം ജീനിനെ വിവാഹം ചെയ്തു. അങ്ങനെ ഇരുവരും ഫ്രാൻസിൽ തിരിച്ചെത്തി. അപ്പോൾ വർഷം 1775 ആയിരുന്നു. ഫ്രാൻസിൽ നിന്നും യാത്ര പുറപ്പെടുമ്പോൾ കണ്ട ജീനിനെയല്ല, വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത്. ജീൻ ശരിക്കും മാറിയിരുന്നു. ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഒരുപാട് കാര്യങ്ങൾ കണ്ടെത്തി. പ്രണയം നഷ്ടമായി. നഷ്ടപ്രണയത്തിൽ നിന്നും ജീനിനെ പുതിയൊരു ജീവിതത്തിലേക്ക് മറ്റൊരാൾ കൈപിടിച്ചുയർത്തി. എല്ലാത്തിനുപരി ഭൂഗോളത്തെ വലംവച്ച ആദ്യ സ്ത്രീയെന്ന നേട്ടവും ജീൻ സ്വന്തമാക്കിയിരുന്നു.