മുംബയ്: സ്വജനപക്ഷപാതവും വിവാദങ്ങളുമൊക്കെ കലങ്ങി മറിയുന്ന ബോളിവുഡിനോട് വിടപറഞ്ഞ് സംവിധായകൻ അനുഭവ് സിൻഹ. ആർട്ടിക്കിൾ 15, ഥപ്പട് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് അനുഭവ്.
"മതി, ഞാൻ ബോളിവുഡിൽ നിന്നും രാജിവയ്ക്കുന്നു. അതിനർത്ഥം എന്തായാലും"- എന്നാണ് സിൻഹ ട്വീറ്റ് ചെയ്തു. ട്വീറ്റിന് പിന്നാലെ, യൂസർ നെയിമിൽ ‘നോട്ട് ബോളിവുഡ്’ എന്നും ചേർത്തിട്ടുണ്ട്. നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ ആത്മഹത്യയോടെയാണ് ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചും താരകുടുംബത്തിൽപ്പെടാത്തവർക്കെതിരായ അവഗണനയെക്കുറിച്ചുമൊക്കെയുള്ള ചർച്ചയും വിവാദവും രൂക്ഷമായത്. ഇതിന്റെ തുടർച്ചയായാണ് സംവിധായകന്റെ ട്വീറ്റും. താൻ ഇനിയും സിനിമ ചെയ്യുമെന്നും അത് ബോളിവുഡിൽ നിന്നായിരിക്കില്ലെന്നും അനുഭവ് പറയുന്നു.