തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന രോഗബാധ നിരക്ക് ആദ്യമായി ആയിരം കടന്നു.ഇന്ന് 1038 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായവരുടെ എണ്ണം 785ആണ്. വിദേശത്ത് നിന്നും വന്നവരിൽ 87 പേർക്കാണ് രോഗം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്ന പേർക്കും രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉറവിടമറിയാത്ത കേസുകൾ 57 ആണ്. 8816 പേർ നിലവിൽ ചികിത്സയിലുണ്ട്. 53 പേർ ഐസിയുവിലും 9 പേർ വെന്റിലേറ്ററിലുമാണ്. 65.16 ശതമാനം രോഗബാധിതർക്കും പ്രാദേശിക രോഗ ബാധയാണ് ഉണ്ടായത്.
കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുളള കണക്ക് ഇങ്ങനെയാണ് തിരുവനന്തപുരം-226, കൊല്ലം 133,ആലപ്പുഴ 120, കാസർഗോഡ് 101,എറണാകുളം 92, മലപ്പുറം 61, കോട്ടയം 51,പത്തനംതിട്ട 49, കണ്ണൂർ 43, പാലക്കാട് 34, കോഴിക്കോട് 25, വയനാട് 4. 15 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്താകെ 397 ഹോട്‌സ്‌പോട്ടുകളാണുളളത്. ഇടുക്കി സ്വദേശി നാരായണൻ(87) കൊവിഡ് ബാധിച്ച് മരിച്ചു. നൂറനാട് ഐ.ടി.ബി.പിയിലെ 20 ജവാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് 272 പേർക്ക് ഇന്ന് രോഗം ഭേദമായി.1,59,777 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുളളത്. 9031 പേരാണ് ആശുപത്രിയിൽ ചികിത്സയിലുളളത്. 1164 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 3,18,646 സാമ്പിളുകൾ ഇതുവരെ പരിശോധനക്കയച്ചതിൽ 8320 എണ്ണത്തിന്റെ ഫലം വരാനുണ്ട്. സെന്റിനൽസ് സർവൈലൻസിന്റെ ഭാഗമായി 1,03,955 സാമ്പിളുകളെടുത്തു ഇതിൽ 99,495 എണ്ണം നെഗറ്റീവായി.
ആലുവ ക്ളസ്‌റ്ററിൽ ആറു പഞ്ചായത്തുകൾ ഉൾപ്പെടുത്തി കർഫ്യൂ ഏർപ്പെടുത്തി. എറണാകുളത്ത് ഇന്ന് 66 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം. അതീവ ഗുരുതര സാഹചര്യം നിലവിലുളള തിരുവനന്തപുരത്ത് 226 രോഗികളിൽ 190 ഉം സമ്പർക്കത്തിലൂടെയാണ്. ഇവിടെ 18 ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചിട്ടുണ്ട്. കൊല്ലത്ത് 133ൽ 116ഉം സമ്പർക്ക വ്യാപനമാണ്. ചെറിയ പ്രശ്‌നങ്ങളെ ഊതിവീർപ്പിച്ച് ആരോഗ്യ പ്രവർത്തകരുടെ ആത്മവീര്യം കെടുത്തരുതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ വിമർശിച്ചു. കേരളത്തിന്റെ ഡിസ്‌ചാർജ് പോളിസി ദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.