mulapalli-pinarayi

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നട്ടം തിരിയുന്ന സാധാരണ ജനങ്ങൾക്ക് 1000 രൂപയുടെ ഓണക്കിറ്റ് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കൊവിഡ് രോഗവ്യാപനം നമ്മുടെ സാമ്പത്തിക മേഖലയെ ആകെ തകിടം മറിച്ചു. അതിന്റെ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് അസംഘടിത മേഖലയിലും പരമ്പരാഗത മേഖലയിലും പണിയെടുക്കുന്നവരും മത്സ്യത്തൊഴിലാളികളും കർഷകരുമാണ്. പലരുടെയും ജീവിതം നിലവിലെ സാഹചര്യത്തിൽ ഇരുളടഞ്ഞിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

സമൃദ്ധിയുടെ ഓണക്കാലം പഞ്ഞകാലമാകുമോയെന്ന ആശങ്ക ഓരോ സാധാരണക്കാരനുമുണ്ട്. സർക്കാരിന്റെ ക്രിയാത്മക തീരുമാനമാണ് ഇക്കാര്യത്തിൽ വേണ്ടത്. കോടികൾ ആഡംബരത്തിനും ധൂർത്തിനുമായി പൊടിക്കുന്ന സംസ്ഥാന സർക്കാർ ഓണക്കിറ്റിന്റെ കാര്യത്തിൽ അലംഭാവം കാട്ടരുതെന്നും മുല്ലപ്പള്ളി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.