കൊച്ചി: അന്ധമായ ആയുഷ് വിരോധം കൊണ്ട് കേരളത്തില്‍ കുത്തിത്തിരിപ്പിന് ഇറങ്ങരുതെന്ന് സിനിമാ സംവിധായകനും ഹോമിയോപ്പതി ഡോക്ടറുമായ ബിജു ദാമോദരന്‍. ഐ.എം.എ വൈസ് പ്രസിഡന്റ് ഡോ.എന്‍ സുല്‍ഫിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ബിജു ഉന്നയിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :
ഐ.എം.എയുടെ വൈസ് പ്രസിഡന്റ് എന്ന് പറയപ്പെടുന്ന ഡോ. എന്‍. സുല്‍ഫിയുടെ പ്രസ്താവനകള്‍ ഔദ്യോഗികമായി ഐ.എം.എ അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം.ഇന്നത്തെ പത്രത്തില്‍ അദ്ദേഹത്തിന്റേതായി ഒരു പ്രസ്താവന ഉണ്ട്. അദ്ദേഹം പറയുന്നത് രണ്ടു മൂന്ന് കാര്യങ്ങള്‍ ആണ് . രോഗപ്രതിരോധ ശേഷി കൂട്ടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ച ഹോമിയോപ്പതി മരുന്നുകള്‍ നിരോധിക്കണം.അവയ്ക്ക് ശാസ്ത്രീയ അടിത്തറ ഇല്ല. അതുകൊണ്ട് ആയുഷ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കണം.ഹോമിയോപ്പതി മരുന്ന് കഴിച്ച ആളുകള്‍ക്ക് ധാരാളം പേര്‍ക്ക് രോഗം ബാധിച്ചു.
ഈ വിഷയത്തില്‍ തിരികെ ചോദിക്കാനുള്ളതും ഒന്ന് രണ്ടു കാര്യങ്ങളെ ഉള്ളൂ. അതിനു മുന്‍പായി ചില കാര്യങ്ങള്‍ ആമുഖം ആയി പറഞ്ഞു കൊള്ളട്ടെ. സത്യത്തില്‍ ഐ.എം.എ എന്ന സംഘടനയുടെ നേതാവ് എന്നവകാശപ്പെടുന്ന ഈ സുല്‍ഫിയെപ്പോലെ ഉള്ള ആളുകള്‍ വിളമ്പുന്ന അസംബന്ധങ്ങള്‍ക്കും വിവരക്കേടുകള്‍ക്കും മറുപടി പറയുന്നത് തന്നെ സമയം മിനക്കെടുത്തല്‍ ആണ്. ഐ.എം.എ എന്നത് കേരളത്തില്‍ മാത്രം കണ്ടു വരുന്ന ഡോക്ടര്‍മാരുടെ ഒരു പ്രൈവറ്റ് സംഘടന ആണ്. ഇന്ത്യയില്‍ മറ്റെവിടെയും ഈ കക്ഷികള്‍ ഇതേപോലെ ഭീഷണി ആയി ഇറങ്ങി കാണാറില്ല. ഇവിടെ സര്‍ക്കാരിനെ പോലും ഭീഷിണിപ്പെടുത്തുന്നത് ഇവരുടെ സ്ഥിരം ഏര്‍പ്പാടാണ് . ഈ ഡോ.സുല്‍ഫി ഒന്ന് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രിയ്ക്ക് ഒരു കത്ത് എഴുതിയിരുന്നു ഹോമിയോപ്പതിയെ ഇന്ത്യയില്‍ നിരോധിക്കണം എന്നായിരുന്നു ആവശ്യം.ഫേസ്ബുക്കിലൂടെയും പത്ര സമ്മേളനത്തിലൂടെയും പ്രധാനമന്ത്രിയ്ക്ക് അയച്ച ആ കത്തിന്മേല്‍ നടപടി എന്തായോ എന്തോ. അത് സുല്‍ഫി ഒന്ന് അപ്ഡേറ്റ് ചെയ്യും എന്ന് കരുതുന്നു. ഈ കൊറോണ കാലത്ത് തുടക്കത്തില്‍ തന്നെ ഒരു ചാനലില്‍ വന്നിരുന്ന് ആയുഷ് വകുപ്പ് നിരോധിക്കണം അവര്‍ക്ക് ഒരു രൂപയുടെ പോലും ഫണ്ട് മരുന്നിനോ റിസര്‍ച്ചിനോ അനുവദിക്കരുത് എന്നൊക്കെ സുല്‍ഫി തട്ടി വിട്ടിരുന്നു. അതിനു മറുപടിയായി ബഹുമാനപ്പെട്ട ശൈലജ ടീച്ചര്‍ തന്നെ സുല്‍ഫിയോട് പറഞ്ഞിരുന്നു ആരോഗ്യ രംഗത്ത് അസഹിഷ്ണുത അല്ല വേണ്ടത് പരസ്പര സഹകരണവും സഹവര്‍ത്തിത്വവും ആണ് എന്ന്. അത് കേട്ട് ഇളിഞ്ഞ ചിരിയോടെ മിണ്ടാതിരിക്കുക ആയിരുന്നു സുല്‍ഫി . ഏതാണ്ട് അഞ്ചു മാസം കഴിയുമ്പോളാണ് വീണ്ടും പുറത്തു വന്നു ആയുഷിനെതിരെ അസഹിഷ്ണുതയുടെ വിഷം ഛര്‍ദിക്കുന്നത്. ഇനി സുല്‍ഫിയുടെ ആരോപണങ്ങളിലേക്ക് വരാം.ശാസ്ത്രീയ അടിത്തറ ഇല്ലാത്തതു കൊണ്ട് ഹോമിയോപ്പതി ഇമ്മ്യുണിറ്റി ബൂസ്റ്റര്‍ മരുന്ന് നിരോധിക്കണം ആയുഷ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണം - ശാസ്ത്രീയതയെ പറ്റി സംസാരിക്കുന്ന സുല്‍ഫി ബള്‍ബിനും പെയിന്റിനും ഒക്കെ അണുനാശിനി കഴിവ് ഉണ്ട് എന്ന് ഐ എം എ സര്‍ട്ടിഫൈ ചെയ്തത് എന്ത് ശാസ്ത്രീയ അടിത്തറയില്‍ ആണെന്ന് പൊതുജനങ്ങളോട് വ്യക്തമാക്കുമെന്നു പ്രതീക്ഷിക്കുന്നു.ഹൈഡ്രോക്‌സി ക്‌ളോറോക്വിനും, മലേറിയയ്ക്കും എയിഡ്‌സിനും ഒക്കെ നല്‍കുന്ന മരുന്നുകളും വൈറ്റമിന്‍ സി ട്രീട്‌മെന്റും ഒക്കെ കോവിഡ് രോഗികളില്‍ നല്‍കുന്നതും പരീക്ഷിക്കുന്നതും എന്ത് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആണെന്ന് വ്യക്തമാക്കുമോ . ഇനി ഹോമിയോപ്പതി മരുന്നിന്റെ കാര്യം. ഇത് പുതുതായി കണ്ടു പിടിച്ച മരുന്ന് ഒന്നുമല്ല. എത്രയോ വര്‍ഷങ്ങളായി ഇന്ത്യന്‍ ഹോമിയോപ്പതിക് ഫാര്‍മക്കോപ്പിയ പ്രകാരം സര്‍ക്കാര്‍ അംഗീകാര പ്രകാരം നിര്‍മിച്ചു വിപണിയില്‍ ഉപയോഗിക്കപ്പെടുന്ന മരുന്ന് ആണ്. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച് ഇന്‍ ഹോമിയോപ്പതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആയുഷ് മന്ത്രാലയവും തുടര്‍ന്ന് കേരള സര്‍ക്കാരും അനുമതി നല്‍കിയത് അനുസരിച്ചാണ് ഈ മരുന്ന് നല്‍കുന്നത്. ഇതിനു മേലെ ഇനി ഐ എം എ യുടെ പെയിന്റ് ബള്‍ബ് സര്‍ട്ടിഫിക്കറ്റ് പോലെ ഉള്ള അനുമതി വാങ്ങണം എന്നാണെങ്കില്‍ അതിന്റെ ആവശ്യം തല്‍ക്കാലം ഇല്ല. പിന്നെ പഠനങ്ങളെ സംബന്ധിച്ചാണെങ്കില്‍ ഇമ്യുണിറ്റി ബൂസ്റ്റര്‍ എഫിക്കസിയെ പറ്റി 1159 ആളുകളില്‍ കേരളത്തില്‍ നടത്തിയ പഠനം പബ്ലിഷ് ചെയ്തിട്ടുണ്ട്. നിരവധി പഠനങ്ങള്‍ കോവിഡുമായി ബന്ധപ്പെട്ടു ഇന്ത്യയുടെ പല ഭാഗങ്ങളിലും നടന്നിട്ടുണ്ട് ഇപ്പോഴും നടക്കുന്നു. അലോപ്പതി മേഖലയിലും ഇപ്പോഴും ഇത്തരം പഠനങ്ങള്‍ നടന്നു വരിക ആണല്ലോ.
ഇനി രണ്ടാമത്തെ ആരോപണം ഹോമിയോപ്പതി മരുന്ന് കഴിച്ച ആളുകള്‍ക്കാണ് കൂടുതലും രോഗം ബാധിച്ചത് എന്നാണ് സുല്‍ഫി പറയുന്നത്. പ്രിയപ്പെട്ട സുല്‍ഫി ഒരു കാര്യം ആരോപിക്കുമ്പോള്‍ വ്യക്തമായ തെളിവുകളും ഡേറ്റയും വെച്ചിട്ടു വേണം ആരോപിക്കാന്‍. അല്ലാതെ സ്‌കൂള്‍ പിള്ളാരെ പോലെ ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുക അല്ല വേണ്ടത് .ഹോമിയോപ്പതി ഇമ്യൂണിറ്റി മരുന്ന് കഴിച്ച എല്ലാ ആളുകള്‍ക്കും രോഗം ബാധിക്കില്ല എന്ന് ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല. രോഗപ്രതിരോധ ശേഷി വര്‍ധിക്കുമ്പോള്‍ രോഗം പിടിപെടാനുള്ള സാധ്യത കുറയും എന്നാണ് പറഞ്ഞിട്ടുള്ളത്. ഒരു മരുന്നും 100 ശതമാനം ഫലപ്രദമല്ല എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. തീര്‍ച്ചയായും ഇമ്യുണിറ്റി ബൂസ്റ്റര്‍ മരുന്ന് കഴിച്ചവരിലും ചിലര്‍ക്ക് രോഗം വരാന്‍ ഇടയുണ്ട്. പക്ഷെ രോഗം ബാധിച്ച ഭൂരിഭാഗം പേരും ഇമ്യൂണിറ്റി മരുന്ന് കഴിച്ചവരാണ് എന്നൊക്കെ പറയുമ്പോള്‍ സുല്‍ഫി തള്ളാണെങ്കിലും ഒരു മയത്തില്‍ ഒക്കെ തള്ളണ്ടേ .. ഹോമിയോപ്പതി ഇമ്യുണിറ്റി മരുന്ന് കഴിച്ച എത്ര ആളുകള്‍ക്ക് ആണ് രോഗം ബാധിച്ചത് എന്ന് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ വേണ്ടേ ആരോപണം ഉന്നയിക്കേണ്ടത്. ഏതൊക്കെ ജില്ലകളില്‍ എത്ര പേര്‍ക്കാണ് രോഗം ബാധിച്ചവരില്‍ ഹോമിയോപ്പതി മരുന്ന് കഴിച്ചിരുന്നത് എന്ന ഒരു കണക്കോ അവരുടെ പേരുകളോ നിങ്ങള്‍ക്ക് ഹാജരാക്കാമോ. അപ്പോള്‍ നമുക്ക് പരിശോധിക്കാന്‍ സാധിക്കുമല്ലോ ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റര്‍ മരുന്ന് കഴിച്ചതില്‍ എത്ര ശതമാനം പേര്‍ക്ക് രോഗം ബാധിച്ചു എന്നത്. ആ കണക്കിന്റെ അടിസ്ഥാനത്തില്‍ ഫലപ്രദം അല്ലെങ്കില്‍ നമുക്ക് ഈ മരുന്ന് വിതരണം നിര്‍ത്തി വെക്കാമല്ലോ.ഇങ്ങനെ ഒരു കണക്ക് ഹാജരാക്കാനില്ലെങ്കില്‍ നിങ്ങള്‍ക്കെതിരെ പൊതുജനങ്ങളെയും സര്‍ക്കാരിനെയും തെറ്റിദ്ധരിപ്പിക്കാന്‍ നിരന്തര ശ്രമം നടത്തുന്നതിന് കേസെടുക്കേണ്ടതാണ്. ആ ആവശ്യം ആയുഷ് സംഘടനകള്‍ ഏറ്റെടുക്കുമെന്നും സുല്‍ഫിയ്‌ക്കെതിരേ ഇത്തരത്തില്‍ നിരന്തരം പൊതു സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനു കേസ് ഫയല്‍ ചെയ്യും എന്നും കരുതുന്നു. അവസാനമായി ഒരു വാക്ക്. വേണമെങ്കില്‍ ഉപദേശം എന്ന് കരുതിക്കൊള്ളൂ. നിങ്ങളെക്കാള്‍ കൂടുതല്‍ ലോകം കണ്ട ഒരാള്‍ എന്ന രീതിയില്‍ വേണമെങ്കില്‍ പരിഗണിച്ചാല്‍ മതി. ഇത്രമാത്രം അസഹിഷ്ണുതയും അസൂയയും വിവരമില്ലായ്മയും കൊണ്ട് നടക്കുന്നത് ഒരു ഡോക്ടര്‍ക്കും ഭൂഷണമല്ല. പ്രത്യേകിച്ചും ഇത്തരം ഒരു പാന്‍ഡെമിക് പടരുന്ന ഘട്ടത്തില്‍ അലോപ്പതി ഉള്‍പ്പെടെ ഒരു വൈദ്യശാസ്ത്രത്തിനും കൃത്യമായ ഒരു പ്രതിവിധി നല്‍കാനില്ലാതെ നെട്ടോട്ടം ഓടുമ്പോള്‍ എല്ലാ വൈദ്യ ശാസ്ത്രങ്ങള്‍ക്കും സാധ്യമായ രീതിയില്‍ ഇതിനെതിരെ പോരാടുക എന്നതാണ് കരണീയം. ചൈനയില്‍ അലോപ്പതിയ്‌ക്കൊപ്പം അവരുടെ തദ്ദേശീയ വൈദ്യശാസ്ത്രമായ ചൈനീസ് മെഡിസിനും ഒന്നിച്ചാണ് ഈ രോഗത്തെ നേരിട്ടത്. ക്യൂബയില്‍ അലോപ്പതിയ്‌ക്കൊപ്പം ഹോമിയോപ്പതി കൂടി ചേര്‍ന്നാണ് രോഗത്തെ നിര്‍മാര്‍ജ്ജനം ചെയ്തത്. അതൊക്കെ മറച്ചു വെച്ച് കൊണ്ട് നിങ്ങളുടെ ഈ ആയുഷ് വിരോധം പ്രകടിപ്പിക്കാനുള്ള ഒരു സമയം അല്ല ഇത്. സഹിഷ്ണുതയും സഹവര്‍ത്തിത്വവും ആണ് വേണ്ടത്. ജനങ്ങളെയാണ് നിങ്ങള്‍ തെറ്റിദ്ധരിപ്പിക്കുവാന്‍ ശ്രമിക്കുന്നത്. അത് ഒരു ഡോക്ടര്‍ക്ക് ചേര്‍ന്ന ധാര്‍മികത ആണോ എന്ന് സ്വയം ചിന്തിക്കുക. നിങ്ങളുടെ അന്ധമായ ആയുഷ് വിരോധം കൊണ്ട് കേരളത്തില്‍ കുത്തിത്തിരിപ്പിന് ഇറങ്ങരുത് എന്നാണ് പറഞ്ഞതിന്റെ അര്‍ത്ഥം.