തിരുവനന്തപുരം: വിമാനത്താവളത്തിലൂടെ യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിൽ മുഖ്യസൂത്രധാരനായ മലപ്പുറം പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി കെ.ടി.റമീസാണ് ഇടപാടുകളെല്ലാം നിയന്ത്രിച്ചിരുന്നതെന്ന വിവരം അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതായി സൂചന. ഇപ്പോൾ ദുബായ് പൊലീസിന്റെ പിടിയിലുള്ള തൃശൂർ കയ്‌പമംഗലം സ്വദേശി ഫൈസൽ ഫരീദും സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രമാണ്. ഇയാളെ ഉടൻ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കസ്റ്രംസ് പിടിയിലായ റമീസിനെ ചോദ്യം ചെയ്തതോടെ എല്ലാത്തിന്റേയും നിയന്ത്രണം തനിക്കായിരുന്നെന്ന വിവരം ഇയാൾ വെളിപ്പെടുത്തുകയായിരുന്നു. സ്വർണം കടത്തുന്നത് മുതൽ അത് വിൽക്കുന്നതു വരെയുള്ള എല്ലാകാര്യങ്ങളും തനിക്ക് അറിയാമെന്ന് റമീസ് കസ്‌റ്റംസിനോട് പറഞ്ഞു. എൻ.ഐ.എ കേസിൽ ഇയാളെക്കൂടി ഉൾപ്പെടുത്തും. എൻ.ഐ.എകൂടി ഇയാളെ ചോദ്യം ചെയ്യുന്നതോടെ സ്വർണക്കടത്തും അതിലൂടെ ലഭിച്ച പണവും എന്തു ചെയ്തു എന്നടക്കമുള്ള കാര്യങ്ങൾ വെളിവാകും. സ്വർണക്കടത്തിൽ ഉന്നതർക്ക് പങ്കുണ്ടോ എന്ന വിവരവും റമീസിനെയും ഫൈസൽ ഫരീദിനെയും ചോദ്യം ചെയ്യുന്നതിലൂടെ വെളിവാകും.
പല റാക്കറ്റുകൾ റമീസ് വേറെയും സ്വർണക്കടത്ത് റാക്കറ്റുകളുമായി ബന്ധപ്പെട്ടിരുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ലോക്ക് ഡൗൺ മുതലാക്കി നയതന്ത്ര ചാനൽ വഴി പരമാവധി സ്വർണം കടത്താൻ കേസിലെ പ്രതികളായ സരിത്ത്, സ്വപ്‌ന സുരേഷ്, ഫൈസൽ ഫരീദ്, സന്ദീപ് നായർ എന്നിവരോട് നിർദ്ദേശിച്ചത് റമീസാണ്. ദുബായിൽനിന്ന് സ്വർണം അയയ്‌ക്കുന്നതിനുള്ള ചുമതല ഏൽപിച്ചിരുന്നത് ഫൈസൽ ഫരീദിനെയാണ്. നയതന്ത്രചാനലിലൂടെ സ്വർണം പുറത്തെത്തിക്കേണ്ട ബാദ്ധ്യത സരിത്തിനും സ്വപ്‌നയ്ക്കുമായിരുന്നു. കടത്തിയ സ്വർണം സുരക്ഷിതമായി തനിക്ക് കൈമാറാൻ റമീസ് ചുമതലപ്പെടുത്തിയത് സന്ദീപ് നായരെയാണ്. മുമ്പ് നിരവധി തവണ റമീസും സന്ദീപും ചേർന്ന് നയതന്ത്രചാനലിലൂടെയല്ലാതെ ദുബായിൽ നിന്ന് കേരളത്തിലേക്ക് സ്വർണം കടത്തിയിട്ടുണ്ട്. തുടക്കം ഇങ്ങനെ ദുബായിൽ വച്ചാണ് റമീസും സന്ദീപും പരിചയപ്പെടുന്നത്. തുടർന്ന് സന്ദീപിനെ ഇടനിലക്കാരനാക്കി റമീസ് സ്വർണക്കടത്ത് തുടങ്ങി. ആദ്യം ദുബായിൽ രക്തചന്ദന ബിസിനസ് നടത്തിയിരുന്ന റമീസ് ആഫ്രിക്കൻ രാജ്യങ്ങളിൽ പോയിട്ടുണ്ട്. ആ യാത്രകളിലൂടെ അവിടത്തെ സ്വർണഖനി മേഖലകളെ കുറിച്ച് മനസിലാക്കി. തുടർന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി ചങ്ങാത്തത്തിലായി. ആദ്യമൊക്കെ നിയമപരമായി ദുബായിലെ മാർക്കറ്റുകളിലേക്ക് സ്വർണമെത്തിക്കുന്നതിൽ റമീസും പങ്കാളിയായി. ഇതിന് നിശ്ചിത കമ്മിഷൻ റമീസിനും ലഭിച്ചിരുന്നു. പിന്നീടാണ് സ്വർണം കടത്തുന്നതിനെ കുറിച്ച് ആലോചിച്ചത്. ദുബായിലുണ്ടാക്കിയ സ്വാധീനമാണ് ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലൂടെ സ്വർണം കടത്താൻ പ്രേരണയായത്. ഇതിനായാണ് സന്ദീപിനെ ഇടനിലക്കാരനാക്കിയത്. ഇതിനിടെയാണ് സ്വപ്‌നയും സരിത്തുമായി സന്ദീപ് പരിചയപ്പെടുന്നത്. തുടർന്നാണ് നയതന്ത്ര ചാനൽ വഴി സ്വർണം സുരക്ഷിതമായി കടത്താമെന്ന ആശയം റമീസ് മുന്നോട്ട് വച്ചത്. ആദ്യം നയതന്ത്ര ബാഗിനൊപ്പം ഡമ്മി പരീക്ഷണം നടത്തി. വിജയിച്ചതോടെ ബാഗിനൊപ്പം സ്വർണവും ഒളിപ്പിച്ചു കടത്തി. ഇങ്ങനെ കേരളത്തിലെത്തിക്കുന്ന സ്വർണം വിൽക്കുന്ന ദൗത്യം റമീസ് സ്വയം ഏറ്റെടുക്കുകയായിരുന്നു. സന്ദീപിനെ ഇടനിലക്കാരനാക്കി ദുബായ് കേന്ദ്രീകരിച്ച് റമീസ് നേരത്തെ സ്വർണം കടത്തിയിരുന്നു. സന്ദീപും റമീസും സംയുക്തമായി കടത്തിയ സ്വർണം 2014ൽ ഡി.ആർ.ഐ പിടിച്ചെടുത്തിരുന്നു. ഈ സംഭവത്തിൽ റമീസിന് ഡി.ആർ.ഐ വാറണ്ട് അയച്ചിരുന്നു. 2016ൽ ഇരുവരും ചേർന്ന് കടത്തിയ സ്വർണം വീണ്ടും ഡി.ആർ.ഐ പിടിച്ചെടുത്തു. സാബിർ പുഴക്കൽ എന്ന വ്യക്തി പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുമ്പോൾ വീട്ടുസാധനങ്ങൾ എന്ന വ്യാജേന റമീസ് 17 കിലോ സ്വർണം അയച്ചു. ഇതും ഡി.ആർ.ഐ. പിടിച്ചു. 2011ൽ റമീസ് നെല്ലിയാമ്പതി വനമേഖലയിൽ മാൻവേട്ട നടത്തിയതിന് കേസിലുൾപ്പെട്ടിരുന്നു. അന്ന് റമീസിന്റെ വാഹനം ഡി.എഫ്.ഒ പിടിച്ചെടുക്കുകയും ചെയ്തു. റമീസിനെ ഈ കേസിൽ നിന്നൊഴിവാക്കുന്നതിന് വേണ്ടി മാത്രം സന്ദീപ് ദുബായിൽ നിന്ന് കേരളത്തിലെത്തിയിരുന്നു.