tvpm-covid

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് 226 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ അതീവ ഗുരുതര സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജില്ലയിൽ 190 പേർക്കാണ് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 15 പേരുടെ ഉറവിടം വ്യക്തമല്ല. 18 ആരോഗ്യപ്രവർത്തകർക്കാണ് തലസ്ഥാനത്ത് കൊവിഡ് ബാധിച്ചത്.

ലോക്ക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ തിങ്കൾ,ബുധൻ,വെളളി ദിവസങ്ങളിൽ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ റീട്ടെയിൽ കച്ചവടക്കാർക്ക് മൊത്തവിതരണക്കാരിൽ നിന്ന് സാധനം വാങ്ങാം. ഈ ദിവസങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് വാഹനങ്ങളിൽ സാധനങ്ങൾ കടകളിൽ വിതരണം ചെയ്യേണ്ടത്. പൊലീസ് നിരീക്ഷണം ഉണ്ടാകും. പാറശാല അടക്കമുള്ള അതിർത്തി പ്രദേശങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

തിരുവനന്തപുരത്ത് പൊലീസിന് കീഴിലുള്ള വട്ടിയൂർക്കാവ് ഷൂട്ടിംഗ് റെയ്ഞ്ച് കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിനായി വീട്ടു നൽകും. അമ്പത് പേർക്കാണ് ഇവിടെ താമസിക്കാൻ സൗകര്യം. കൊവിഡ് ബാധിക്കുന്ന ആരോഗ്യപ്രവർ‌ത്തകർ, പൊലീസ്, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവരെ ഇവിടെയായിരിക്കും നിരീക്ഷണത്തിൽ പാർപ്പിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കീം പരീക്ഷയുമായി ബന്ധപ്പെട്ട് പട്ടം സെന്റ്മേരീസ് സ്കൂളിന് മുന്നിലുണ്ടായ ആൾക്കൂട്ടത്തിന് നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതായിരുന്നു. വിദ്യാർത്ഥികൾ അല്ല ആൾക്കൂട്ടമുണ്ടായതിന് കുറ്റക്കാർ. കാര്യങ്ങൾ മനസിലാക്കി നടപടിയെടുക്കും. വിദ്യാർത്ഥികൾ ഒന്നിച്ചിറങ്ങിയപ്പോൾ സ്വാഭാവികമായി ഉണ്ടായ തിരക്കാണ് അവിടെ കണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.