
വാഷിംഗ്ടൺ: ഹൂസ്‌റ്റണിലെ ചൈനയുടെ കോൺസുലേറ്റ് അടയ്ക്കാൻ ഉത്തരവിട്ട് അമേരിക്ക. ചാരവൃത്തി ആരോപിച്ചാണ് നടപടി. കൊവിഡ് വാക്സിൻ വിവരങ്ങൾ ചൈന ചോർത്തിയെന്ന് അമേരിക്ക ആരോപിച്ചിരുന്നു. അമേരിക്കൻ നടപടിക്ക് പകരമായി വുഹാനിലെ യു.എസ് കോൺസുലേറ്റ് അടപ്പിക്കാൻ നീക്കം നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.ടെക്‌സാസ് സിറ്റിയിലുളള ഓഫീസ് മൂന്ന് ദിവസത്തിനകം അടയ്ക്കാനാണ് അമേരിക്കയുടെ നിർദ്ദേശമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, കോൺസുലേറ്റ് പരിസരത്ത് ചില രേഖകൾ ചൈനീസ് അധികൃതർ കത്തിച്ചതായും തീയിട്ടത് അറിഞ്ഞെത്തിയ ഹൂസ്‌റ്റൺ അഗ്നിശമന സേനയെ അവിടേക്ക് കടക്കാൻ അനുവദിച്ചില്ലെന്നും സ്ഥലത്തെ അഗ്നിശമനസേന ചീഫ് സാമുവൽ പെന പറഞ്ഞു. അമേരിക്കയുടെ നടപടിക്കെതിരായി ചൈനീസ് വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഇതിന് പ്രതികാരം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. അമേരിക്കയുടെ ഈ അബദ്ധമായ തീരുമാനം ഉടനടി റദ്ദാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്. ഇനിയും തെറ്റായ വഴിയിൽ അമേരിക്ക നീങ്ങിയാൽ ശക്തമായ തിരിച്ചടിയുണ്ടാകും. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു.