covid-19

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,724 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികൾ 11,92,915 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലായം അറിയിച്ചു. ഒറ്റ ദിവസത്തിനിടെ 648 മരണം. ആകെ മരണം 28,732.

നിലവിൽ 4,11,133 പേർ ചികിത്സയിലാണ്. ഇതുവരെ 7,53,050 പേർ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് 63.1ശതമാനമാണ്.

 മഹാരാഷ്ട്രയിൽ ആകെ കേസുകൾ 3,27,031. ആകെ മരണം 12,276.

 രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 1,80,643 കേസുകളും 2,626 മരണവും.

 ഡൽഹിയിൽ ഇതുവരെ 1,25,096 കേസുകളും 3,690 മരണവും.

 കർണാടകയിൽ 71,069 കേസുകളും ആന്ധ്രാപ്രദേശിൽ 58,668 കേസുകളും

 ഉത്തർപ്രദേശിൽ രോഗികളുടെ എണ്ണം 53,288 ആയി.

 ഗുജറാത്തിൽ രോഗികൾ അരലക്ഷം കടന്നു.

ഒരു കുടുംബത്തിലെ 5പേർ മരിച്ചു

കൊവിഡ് ബാധിച്ച് ബിഹാറിൽ ബി.ജെ.പി. എം.എൽ.സി. സുനിൽകുമാർ സിംഗ് (66) മരിച്ചു. ദർബംഗയിൽ നിന്നുള്ള എം.എൽ.സിയാണ് സുനിൽകുമാർ.

രോഗികളുടെ വർദ്ധനവിനെ തുടർന്ന് ജമ്മു കാശ്മീരിൽ ബന്ദിപൂര ഒഴികെയുള്ള പ്രദേശങ്ങളിൽ തിങ്കളാഴ്ച വരെ ലോക്ക്ഡൗൺ ഏർപ്പെടുത്തി. ജമ്മു കാശ്മീരിൽ കഴിഞ്ഞ ദിവസം 608 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ആകെ രോഗികൾ 15,258.

ഓഫീസിലെ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചതോടെ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂർ ക്വാറന്റൈനിൽ പോയി.

ജാർഖണ്ഡ് ധൻബാദിലെ സമ്പന്ന വ്യവസായി കുടുംബത്തിലെ അഞ്ച് പേർ കൊവിഡ് ബാധിച്ച് മരിച്ചു. 89 വയസുള്ള മാതാവും നാല് മക്കളുമാണ് 14 ദിവസത്തിനുള്ളിൽ ജീവൻ വെടിഞ്ഞത്. ഇവരുടെ ഒരു മകൻ ഇതേ കാലയളവിൽ കാൻസർ ബാധിച്ച് മരിച്ചു. രണ്ട് പേര്‍ മാത്രമാണ് കുടുംബത്തിൽ അവശേഷിക്കുന്നത്. ഒരാൾ ഡൽഹിയിലും മറ്റൊരാൾ കൊൽക്കത്തയിലുമാണ് താമസം. ഡൽഹിയിൽ താമസിക്കുന്ന ഇവർ ജൂൺ 27ന് വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് കുടുംബ സമേതം ധൻബാദിൽ എത്തിയത്.

അന്നേ ദിവസം തളര്‍ന്ന് വീണ 89കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂലായ് നാലിന് ഇവർ മരിച്ചു. മൂന്ന് ദിവസത്തിന് ശേഷം ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂലായ് എട്ടിന് 69കാരനായ മകന് കൊവിഡ് സ്ഥിരീകരിച്ചു. ധൻബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 11ന് മരിച്ചു. ക്വാറന്റൈനിലായിരുന്ന രണ്ടു മക്കൾ ജൂലായ് 12ന് മരിച്ചു. ഇവർക്കും കൊവിഡ് സ്ഥിരീകരിച്ചു.

മൂന്ന് പേരുടെയും സംസ്‌കാരം 13നാണ് നടന്നത്. ജൂലായ് 19നാണ് ശ്വാസകോശ അർബുദം ബാധിച്ച 60കാരനായ മറ്റൊരു മകൻ മരിച്ചത്. ഇയാളുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.