മുംബയ്: താൻ ഡൊണാൾഡ് ട്രംപ് അല്ലെന്നും കൊവിഡ് ദുരിതത്തിലേക്ക് ജനങ്ങളെ തളളിവിടാൻ തനിക്കാവില്ലെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ലോക്ക്ഡൗണിനെ തുടർന്ന് ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേനയുടെ മുഖപത്രമായ "സാമ്ന" ക്കായി നൽകിയ അഭിമുഖത്തിന്റെ ടീസറിലാണ് ഉദ്ധവ് താക്കറെ ഇക്കാര്യം പറഞ്ഞത്.
അഭിമുഖം സാമനയുടെ വാരാന്ത്യത്തിൽ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യും. മഹാരാഷ്‌ട്രയിൽ ലോക്ക്ഡൗൺ നിലനിൽക്കുന്നുണ്ടെന്നും കൊവിഡ് മൂലമുളള നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ കൊവിഡ് മൂലം മരിച്ചു വീഴുമ്പോൾ നോക്കി നിൽക്കാൻ താൻ ഡൊണാൾഡ് ട്രംപ് അല്ലെന്നാണ് ഉദ്ധവ് താക്കറെ വ്യക്തമാക്കിയത്. അമേരിക്കയിൽ കൊവിഡ് പകർച്ചവ്യാധി തടയുന്നതിനായി പ്രസിഡന്റ് ട്രംപ് ഉചിതമായി നടപടി സ്വീകരിച്ചിരുന്നില്ലെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു.കൊവിഡിനെ നേരിടാൻ നടത്തിയ ശ്രമങ്ങളെ പ്രശംസിച്ചുകൊണ്ട് നടത്തിയ പരിപാടിയിൽ ലോകാരോഗ്യസംഘടന മഹാരാഷ്‌ട്രയിൽ കൊവിഡ് കേസുകൾ കുറഞ്ഞുവരുന്നതായി പരാമർശിച്ചതായും ഉദ്ധവ് താക്കറെ പറഞ്ഞു.
ലോകമെമ്പാടും കൊവിഡ് കുതിച്ചുയരുകയും രണ്ടാമത് രോഗം പൊട്ടിപുറപ്പെടുകയും ചെയ്ത
സാഹചര്യത്തിൽ മഹാരാഷ്‌ട്രയിൽ കൊവിഡ് പ്രതിരോധനടപടികൾ ശക്തമാക്കി.