afgan-girl

ഘാസ്‌നി: സര്‍ക്കാരിനെ പിന്തുണച്ചതിന് മാതാപിതാക്കളെ കണ്‍മുന്നിലിട്ട് വെടിവച്ച് കൊന്ന താലിബാന്‍ ഭീകരരോട് പെണ്‍കുട്ടിയുടെ പ്രതികാരം. മാതാപിതാക്കളെ വധിച്ച രണ്ട് ഭീകരരെ കൊല്ലുകയും ഒപ്പമുണ്ടായിരുന്ന മറ്റ് ഭീകരരെ വെടിവച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു ഈ പെണ്‍കുട്ടി. അഫ്ഗാനിസ്ഥാന്‍ മധ്യപ്രവൃർത്തിയിൽ ഘോറിലെ ഒരു ഗ്രാമത്തില്‍ കഴിഞ്ഞയാഴ്ചയാണ് ഇത്തരമൊരു സംഭവം ഉണ്ടായത്.

ഖാമര്‍ ഗുല്‍ എന്ന പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ ഭീകരര്‍ക്കെതിരെ ആയുധമെടുത്തത്. ഗ്രാമമുഖ്യനും സര്‍ക്കാരിന്റെ കടുത്ത അനുയായിയുമായ ഹബീബു റഹമാന്‍ മലീക്‌സാദയുടെ വീട്ടിലാണ് സംഭവങ്ങളുണ്ടായത്. വീട്ടിലേക്ക് ഇരച്ച് കയറിയ താലിബാന്‍ ഭീകരര്‍ ഇയാളെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തടയാൻ ശ്രമിച്ച ഭാര്യയേയും പുറത്തേക്ക് ഇറക്കി ഭീകരര്‍ വെടിവച്ച് കൊല്ലുകയായിരുന്നു. ഈ സമയം, ഖാമര്‍ ഗുല്‍ വീടിനുള്ളിലുണ്ടായിരുന്നു. മാതാപിതാക്കളെ വധിക്കുന്നത് കണ്ട് എ.കെ 47 തോക്ക് എടുത്ത് ഭീകരര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. മാതാപിതാക്കളെ കൊന്ന രണ്ട് പേരെ പെണ്‍കുട്ടി നിമിഷങ്ങള്‍ക്കുള്ളില്‍ കൊല്ലുകയും ചെയ്തു. മറ്റുള്ളവര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു.

ഗുലിനെയും ഇളയ സഹോദരനേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രത്യാക്രമണം നടത്തിയ പെണ്‍കുട്ടിയെ പിന്തുണച്ചുകൊണ്ട് സമൂഹമാദ്ധ്യമങ്ങളില്‍ നിരവധി ആളുകള്‍ രംഗത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ ധീരമായ പ്രവര്‍ത്തിയില്‍ അഫ്ഗാന്‍ ഭരണകൂടവും പ്രശംസിച്ചിട്ടുണ്ട്. വെറും 14 വയസ്സുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി കാണിച്ച ധീരത മറ്റ് ജനങ്ങളും കാണിക്കാന്‍ തയ്യാറാകണമെന്നാണ് അഫ്ഗാന്‍ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.