pinarayi-viajyan

തിരുവനന്തപുരം: സംസ്ഥാനം വീണ്ടും സമ്പൂർണ ലോക്ക്ഡൗണിലേയ്ക്ക് പോകുന്നുവെന്ന് സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് കൊവിഡ് കേസുകൾ ആയിരം കടന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സമ്പൂർണ ലോക്ക്‌ഡൗൺ നിർദേശം പല ഭാഗത്ത് നിന്നും ഉയർന്നുവരുന്നുണ്ട്. വിദഗ്ധരടക്കം ഇക്കാര്യം പറയുന്നുണ്ട്. ഗൗരവമായി സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തൊട്ടാകെ ഇന്ന് 1038 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭൂരിപക്ഷം ജില്ലകളിലും കൊവിഡ് വ്യാപനം രൂക്ഷമാകുന്നതോടെയാണ് സമ്പൂർണ ലോക്ക്ഡൗൺ വീണ്ടും ചർച്ചയാകുന്നത്. ഇക്കാര്യം സംസ്ഥാന സർക്കാർ സജീവമായി പരിഗണിക്കുകയാണെന്നാണ് വിവരം.

സർവകക്ഷി യോഗത്തിൽ സമ്പൂർണ ലോക്ക്ഡൗൺ വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന. വീഡിയോ കോൺഫറൻസിംഗ് വഴി സർവകക്ഷി യോഗം സർക്കാർ വിളിച്ച് ചേർത്തിട്ടുണ്ട്. അങ്ങനെയെങ്കിൽ ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യമോ സംസ്ഥാനം സമ്പൂർണ ലോക്ക്ഡൗണിലേയ്ക്ക് നീങ്ങും.

സംസ്ഥാനത്ത് നേരത്തെ മാർച്ച് 23ന് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. സംസ്ഥാനത്തിന്റെ അതിർത്തികൾ നിലവിൽ അടച്ചിട്ടിരിക്കുകയാണ്. അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടി മാത്രമേ ഇപ്പോൾ ആളുകൾക്ക് അതിർത്തി കടന്ന് വരാനാകൂ. അതും ജാഗ്രത പോർട്ടലിൽ നിന്ന് പാസ് ഉറപ്പായി ലഭിച്ചതിന് ശേഷം മാത്രമാണ് കടത്തിവിടുന്നത്. കർശനപരിശോധനകൾക്ക് ശേഷം മാത്രമേ അതിർത്തി കടത്തി വിടൂ എന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ആദ്യമായി ആയിരം കടന്ന് രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്ത ദിവസമാണ്.