ക്വീവ്: യുക്രെയ്നില്‍ ആയുധധാരി ബസ് തട്ടിയെടുത്ത് ബന്ദികളാക്കിയ യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. രാജ്യത്തെ പ്രസിഡന്റ് നേരിട്ട് നടത്തിയ ഓപ്പറേഷനാണ് ഫലവത്തായത്. കഴിഞ്ഞ ദിവസമാണ് യുക്രെയ്നില്‍ ക്വീവില്‍നിന്നും 400 കിലോ മീറ്റര്‍ അകലെയുള്ള ലുസ്‌കില്‍ അക്രമി ബസ് തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയത്. പതിനാറോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് പൊലീസ് കമാന്‍ഡോ സംഘം ബസ് വളയുകയായിരുന്നു. ബസ് തട്ടിയെടുത്ത നാല്‍പ്പത്തിനാല് കാരനായ മാക്‌സിം ക്രൈവോഷ് തന്നെയാണ് പൊലീസിനെ വിളിച്ച് വിവരമറിയിച്ചത്. തന്റെ കൈവശം തോക്കും മറ്റു സ്ഫോടക വസ്തുക്കളും ഉണ്ടെന്നും ഇയാള്‍ പറഞ്ഞു.
സ്ഫോടക വസ്തുക്കളടക്കം കൈവശമുണ്ടെന്ന് അവകാശപ്പെട്ട അക്രമിയെ അനുനയത്തിലൂടെ കീഴ്‌പ്പെടുത്താനാണ് പൊലീസ് ശ്രമിച്ചത്. ഇതിനായി രാജ്യത്തിന്റെ പ്രസിഡന്റ് തന്നെ നേരിട്ടിറങ്ങി. ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡൈമര്‍ സെലന്‍സ്‌കി അക്രമിയായ മാക്‌സിം ക്രൈവോഷിവിനോട് പതിനഞ്ച് മിനിട്ടോളം സംസാരിച്ചു. 2005 പുറത്തിറങ്ങിയ എര്‍ത്ത്‌ലിംഗ്‌സ് എന്ന സിനിമയെ കുറിച്ച് പ്രസിഡന്റ് സമൂഹമാദ്ധ്യമത്തിലൂടെ പ്രകീര്‍ത്തിച്ച് സംസാരിക്കണമെന്നതായിരുന്നു അക്രമിയുടെ വിചിത്രമായ ആവശ്യം. ഇതേ തുടര്‍ന്ന് പൗരന്‍മാരുടെ ജീവനെ കരുതി പ്രസിഡന്റ് അക്രമിയുടെ ആവശ്യത്തിന് വഴങ്ങുകയായാരുന്നു. ജാക്വിന്‍ ഫീനിക്‌സിന്റെ ഈ ചിത്രം മനുഷ്യന്റെ സ്വഭാവങ്ങളെ കുറിച്ചാണ് പറയുന്നത്. മൃഗങ്ങളെ വിവിധ ആവശ്യത്തിനായി മനുഷ്യന്‍ ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ചിത്രം പ്രതിപാദിക്കുന്നത്.
മാക്‌സിം ക്രൈവോഷിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടുള്ള പ്രസിഡന്റിന്റെ വീഡിയോ ഫേസ്ബുക്കില്‍ വന്നതിന് തൊട്ടുപിറകെ ഇയാള്‍ ബസില്‍ നിന്നും ഇറങ്ങി പൊലീസിന് സമീപത്തെത്തി കീഴടങ്ങുകയായിരുന്നു. ബന്ദികളാക്കപ്പെട്ടവര്‍ രക്ഷപ്പെട്ടതിന് ശേഷം പ്രസിഡന്റ് പ്രസ്തുത വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ശേഷം ''മനുഷ്യജീവിതമാണ് ഏറ്റവും പ്രധാനപ്പെട്ട മൂല്യം. ഞങ്ങള്‍ക്ക് ആരെയും നഷ്ടപ്പെട്ടിട്ടില്ല' എന്ന സന്ദേശം പോസ്റ്റു ചെയ്തു. മണിക്കൂറുകളാണ് അക്രമിയുടെ തോക്കിന് മുന്നില്‍ പതിമൂന്നോളം പേര്‍ ജീവന്‍ കഴിച്ചുകൂട്ടിയത്. ഇതിനിടയില്‍ ഒരു പൊലീസ്‌കാരന് നേരെ ഇയാള്‍ നിറയൊഴിക്കുകയും ചെയ്തു. ഇത് സംഘര്‍ഷത്തിന് ആക്കം കൂട്ടി. എന്നാല്‍ പ്രസിഡന്റ് നേരിട്ട് അക്രമിയുമായി സംസാരിക്കവേയാണ് ഇയാളുടെ വിചിത്ര ആവശ്യം തിരിച്ചറിയാനായത്. ഇതോടെ സംഘര്‍ഷത്തിന് അയവ് വരുകയായിരുന്നു. ബസിനുള്ളില്‍ വച്ച് അക്രമി മാദ്ധ്യമങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ഒരു പത്രപ്രവര്‍ത്തകനുമായി ഫോണില്‍ സംസാരിച്ച ബന്ദികളിലൊരാളാണ് ഉക്രേനിയന്‍ പ്രസിഡന്റുമായി സായുധനെ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിച്ചത്. ഇതാണ് വന്‍ ദുരന്തത്തില്‍ നിന്നും രാജ്യത്തെ കരകയറ്റിയതിന് വഴിയൊരുക്കിയത്.