തിരുവനന്തപുരം: കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത സംഭവം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടം സെൻ്റ് മേരീസ് സ്കൂളിൽ പരീക്ഷ എഴുതാൻ വന്ന കുട്ടികൾ കുറ്റക്കാരല്ലെന്നും അധികൃതർ ക്രമീകരണം ഏർപ്പെടുത്തേണ്ടിയിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസാണ് കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്. സാമൂഹിക അകലം പാലിച്ചില്ല കൊവിഡ് പ്രോട്ടോക്കോൾ ലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ തന്നെ സാമൂഹിക അകലം പാലിച്ചില്ലെന്ന് ചൂണ്ടികാട്ടി പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്കൊപ്പമെത്തിയ 600 ഓളം രക്ഷകർത്താക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരത്ത് കീം പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു നടപടി.
അതേസമയം കൊവിഡ് സമ്പർക്ക വ്യാപനം നിലനിൽക്കുന്നിനിടയിൽ പരീക്ഷ നടത്തിയ ഇടതുപക്ഷ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം ഉൾപ്പെടെ നിരവധി സംഘടനകൾ രംഗത്ത് വന്നിരുന്നു.