ganguly-jai-shah

ന്യൂഡൽഹി : ബി.സി.സി. ഐ തലപ്പത്ത് കാലാവധി നീട്ടിക്കിട്ടാൻ ലോധ കമ്മിറ്റിയുടെ കൂളിംഗ് ഒാഫ് പീരിയഡ് നിബന്ധനകളിൽ ഇളവുതേടി പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് നീട്ടി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസ് എൽ. നാഗേശ്വര റാവു എന്നിവർ ഉൾപ്പെടുന്ന ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് നീട്ടിയത്.

ഇരുവരുടെയും കാലാവധി 2025 വരെ നീട്ടുന്നതിനായി ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് ബി.സി.സി. ഐ സുപ്രീംകോടതിയെ സമീപിച്ചത്. മുൻ ഇന്ത്യൻ ക്യാപ്ടൻ കൂടിയായ സൗരവ് ഗാംഗുലിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനായ ജയ് ഷായും 2019 ഒക്ടോബറിലാണ് അധികാരത്തിലെത്തിയതെങ്കിലും ഭാരവാഹികൾ ആറു വർഷം കഴിഞ്ഞാൽ മൂന്നു വർഷം മാറിനിൽക്കണമെന്ന ലോധ കമ്മിറ്റി വ്യവസ്ഥ ഭീഷണിയാകും. മുൻപ് അഞ്ചു വർഷത്തിലധികം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നതിനാൽ നിയമമനുസരിച്ച്ഇൗ ജൂലൈ 27ന് ഗാംഗുലിയുടെ കാലാവധി പൂർത്തിയാകും. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായിരുന്ന ജയ് ഷായുടെ കാലാവധി മേയ് ഏഴിന് പൂർത്തിയായി. ബിസിസിഐ ജോയിന്റ് സെക്രട്ടറിയും മലയാളിയുമായ ജയേഷ് ജോർജിന്റെ കാലാവധി സെപ്തംബർ 23നും അവസാനിക്കും.

ജയ് ഷാ ജൂലൈ 17ന് നടന്ന ബിസിസിഐയുടെ ഉന്നതാധികാര സമിതി യോഗത്തിൽ പങ്കെടുക്കുന്നതിനെച്ചൊല്ലി വിവാദമുയർന്നിരുന്നു.