തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഓണത്തിനോട് അനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡ് ഉടമകൾക്ക് സൗജന്യ പലവ്യഞ്ജനക്കിറ്റുകൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പഞ്ചസാര. ചെറുപയർ, വൻപയർ, ശർക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, സാമ്പാർപൊടി, വെളിച്ചെണ്ണ, സൺഫ്ളവർ ഓയിൽ, പപ്പടം, സേമിയ, പാലട, ഗോതമ്പ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണ് പലവ്യഞ്ജന കിറ്റിലുണ്ടാവുക. ഓഗസ്റ്റ് അവസാനത്തോടെ വിതരണം ആരംഭിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതിയായ അളവിൽ റേഷൻ ലഭിക്കാത്ത മുൻഗണനേതര വിഭാഗങ്ങൾക്ക് ഓഗസ്റ്റിൽ പത്ത് കിലോ അരി വീതം 15 രൂപ നിരക്കിൽ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.