oil-well

ദിസ്പൂര്‍: അസമിലെ ബാഗ്ജാന്‍ എണ്ണക്കിണറിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മൂന്ന് വിദേശ സാങ്കേതികവിദഗ്ദ്ധര്‍ക്ക് പരിക്ക്. ടിന്‍സുകിയ ജില്ലയിലെ ബാഗ്ജാനിലെ അഞ്ചാം നമ്പര്‍ എണ്ണക്കിണറിലാണ് പൊട്ടിത്തെറിയുണ്ടായത്. എണ്ണക്കിണറില്‍ ആഴ്ചകളായി തുടരുന്ന തീപിടിത്തം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ദേശീയമാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

അപകടത്തില്‍ പരിക്കേറ്റ മൂന്ന് സാങ്കേതിക വിദഗ്ദ്ധരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഓയില്‍ ഇന്ത്യ ലിമിറ്റഡ് വക്താവ് ത്രിദീപ് ഹസാരിക പറഞ്ഞു. മെയ് 27നാണ് എണ്ണക്കിണറില്‍ നിന്ന് എണ്ണയും വാതകവും ക്രമാതീതമായി പുറത്തു വന്നതിനെത്തുടര്‍ന്ന് അപകടമുണ്ടായത്. സംഭവത്തില്‍ ഓയില്‍ ഇന്ത്യ ലിമിറ്റഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജൂണ്‍ ഒൻപതിനാണ് എണ്ണക്കിണറില്‍ തീപിടിത്തമുണ്ടായത്. 56 ദിവസമായിട്ടും തീപിടിത്തം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്ഥലത്തു നിന്നു ഇതുവരെ 9000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വിദേശത്തു നിന്നെത്തിച്ച സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ ജൂലായ് ഏഴോട് കൂടി തീപിടിത്തവും എണ്ണച്ചോര്‍ച്ചയും അവസാനിപ്പിക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും അസമില്‍ കനത്ത മഴയെത്തുടര്‍ന്ന് പ്രളയം ആരംഭിച്ചതോടെ നടപടികള്‍ വൈകുകയായിരുന്നു.

എണ്ണക്കിണറിനു സമീപത്തേയ്ക്ക് എത്തുന്ന റോഡുകളും പാലങ്ങളും തകര്‍ന്നതോടെ സാങ്കേതികവിദഗ്ദ്ധര്‍ക്ക് ദിവസങ്ങളോളം വൈകി മാത്രമാണ് സ്ഥലത്ത് എത്താന്‍ കഴിഞ്ഞത്. അപകടത്തെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ പഠിക്കാനായി വിവിധ ഏജന്‍സികളെ ചുമതലപ്പെടുത്തിയതായി ഓയില്‍ ഇന്ത്യ ലിമിറ്റഡ് വ്യക്തമാക്കി. അസമിലെ മഗൂറി - മോതാപുങ് പ്രദേശത്തും ദിബ്രു സായ്‌ഖോവ ബയോസ്ഫിയര്‍ റിസര്‍വിലുമായാണ് എണ്ണക്കിണറുകള്‍ സ്ഥിതി ചെയ്യുന്നത്. അപകടത്തില്‍ പ്രദേശവാസികള്‍ക്കും പരിസ്ഥിതിയ്ക്കും വന്യജീവികള്‍ക്കുമുണ്ടായ ആഘാതം പഠിക്കാനായി കഴിഞ്ഞ മാസം ദേശീയ ഹരിത ട്രിബ്യൂണല്‍ എട്ടംഗ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ബാഗ്ജാന്‍ എണ്ണപ്പാടത്ത് മൊത്തം 17 എണ്ണക്കിണറുകളും അഞ്ച് വാതകക്കിണറുകളുമാണുള്ളത്.