covid

വാഷിംഗ്ടൺ : ഫൈസർ ഫാർമസ്യൂട്ടിക്കൽ കമ്പനി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് 19 വാക്സിന്റെ ആദ്യ 100 മില്യൺ ഡോസുകൾ ഡിസംബറിൽ അമേരിക്കയിൽ വിതരണം ചെയ്യും. ഇത് സംബന്ധിച്ച കരാർ ഫൈസർ കമ്പനിയുമായി ഒപ്പുവച്ചതായി യു.എസ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസ് സെക്രട്ടറി അലക്സ് ആസർ അറിയിച്ചു. കരാർ പ്രകാരം യു.എസിന് ഫൈസറിൽ നിന്നും 500 മില്യൺ ഡോസ് വാക്സിൻ കൂടി ലഭിക്കുമെന്നും ആസർ പറഞ്ഞു.

ഒന്നിലധികം വാക്സിനുകൾ ഒരേ സമയം വികസിപ്പിക്കുന്നതിന്റെ ഭാഗമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച ' ഓപ്പറേഷൻ വാർപ് സ്പീഡി'ന്റെ ഭാഗമായാണ് കരാർ. 2021 ജനുവരിയോടെ രാജ്യത്ത് 300 മില്യൺ കൊവിഡ് 19 വാക്സിൻ വിതരണം ചെയ്യാനാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി രാജ്യത്ത് വാക്സിൻ വികസിപ്പിക്കുന്നതും മറ്റ് വാക്സിനുകൾ വാങ്ങുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങളും വേഗത്തിലാക്കിയിരിക്കുകയാണ്.

അമേരിക്കൻ കമ്പനിയായ ഫൈസറും ജർമനി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബയോൺടെകും സംയുക്തമായാണ് വാക്സിൻ വികസിപ്പിക്കുന്നത്. 1.95 ബില്യൺ യു.എസ് ഡോളറാണ് വാക്സിന്റെ ആദ്യ 100 മില്യൺ ഡോസിനായി യു.എസ്, ഫൈസർ - ബയോൺടെക് കമ്പനികൾക്ക് നൽകുക.

പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ യു.എസിൽ കൊവിഡ് വാക്സിൻ എത്തുമെന്ന് ട്രംപ് പറഞ്ഞിരുന്നു. നിലവിൽ 4,030,936 പേർക്കാണ് യു.എസിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.144,987 പേർ മരിച്ചു.