ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്തോ - അമേരിക്കന്‍ നാവികാഭ്യാസം ചൈനയുടെ കണ്ണുതുറപ്പിക്കാനാണെന്നാണ് വിദേശകാര്യ വിദഗ്ദ്ധരടക്കം വിലയിരുത്തുന്നത്. എന്നാല്‍ കുറച്ച് ദശാബ്ദങ്ങള്‍ക്കു മുന്‍പും അമേരിക്കയുടെ ഏറെ പേരു കേട്ട ഏഴാം കപ്പല്‍വ്യൂഹം ബംഗാള്‍ ഉള്‍ക്കടലിലേക്ക് ലക്ഷ്യമിട്ട് വന്നിരുന്നു. ബംഗ്‌ളാദേശിന്റെ പിറവിയിലേക്ക് നയിച്ച ഇന്ത്യ പാക് യുദ്ധത്തിന്റെ സമയത്തായിരുന്നു അത്. സുഹൃദ് രാജ്യമായ പാകിസ്ഥാന് വേണ്ടി ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ യുഎസ് പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ അയച്ച കപ്പല്‍ വ്യൂഹത്തിന് മുന്നില്‍ പതറുന്നതായിരുന്നില്ല പക്ഷേ അന്ന് ഇന്ത്യ ഭരിച്ചിരുന്ന ഉരുക്കു വനിതയായ ഇന്ദിരാ ഗാന്ധിയെടുത്ത നിലാപാട് എന്നത് ചരിത്രം. ഇതെല്ലാവര്‍ക്കും അറിയുന്ന സംഭവവവുമാണ്. എന്നാല്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായി വീണ്ടും അമേരിക്കയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പല്‍ മലാക്കയുടെ ഇടനാഴിയിലൂടെ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കെത്തിയത് സൗഹൃദ രാജ്യമായ ഇന്ത്യയുടെ നേവിയുമായി കൂട്ടുകൂടുന്നതിനാണ്. ഇരു രാജ്യങ്ങളിലേയും നേവി ഉദ്യോഗസ്ഥര്‍ അവരുടെ അഭ്യാസങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ മാറിയ ഇന്ത്യ അമേരിക്കന്‍ കൂട്ടുകെട്ടാണ് ചര്‍ച്ചയാവുന്നത്.
അന്ന് പിണക്കിയത് റഷ്യ ഇന്ന് കൂട്ടിയിണക്കുന്നത് ചൈന
ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ പിണക്കത്തിന്റെയും ഇണക്കത്തിന്റെ കരുക്കള്‍ പിടിപ്പിക്കുന്നതിന്‍ റഷ്യ ചൈനയെന്ന സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ക്കുള്ള പങ്ക് വിസ്മരിക്കാനാവില്ല. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി അടിത്തറയിട്ട ചേരി ചേരാനയത്തില്‍ ശീതയുദ്ധക്കാലത്തെ എതിരാളികളോട് തുല്യ അകലമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സോവിയറ്റ് യൂണിയനുമായുള്ള അകലം കുറച്ച് കുറവായിരുന്നു എന്ന സത്യം അമേരിക്കയും മനസിലാക്കിയിരുന്നു. നെഹ്‌റുവിന്റെ മകള്‍ ഇന്ദിര ഇന്ത്യ ഭരിച്ചപ്പോഴാവട്ടെ ചേരി ചേരാ നയം കടലാസില്‍ മാത്രമാവുന്ന അവസ്ഥയായിരുന്നു. അത്ര കണ്ട് ഇന്ത്യ സോവിയറ്റ് യൂണിയനുമായി അടുത്തു. ഇതാണ് 1971 ഇന്ത്യയെ ലക്ഷ്യം വയ്ക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചത്.
എന്നാല്‍ കാലം പോകുന്തോറും ലോകത്തിന്റെ ശക്തി സമവാക്യങ്ങളിലുണ്ടായ വ്യതിയാനം ഇന്ന് അമേരിക്ക ചൈന പോരിന്റെ വക്കിലെത്തിയിരിക്കുന്നു. പാകിസ്ഥാനെക്കാളും വലിയ ശത്രു ചൈനയെന്ന തിരിച്ചറിവ് ഇന്ത്യയ്ക്കും ഉണ്ടായത് അമേരിക്കയെ ഇന്ത്യയോട് അടുപ്പിക്കുന്ന ഘടകമാവുകയായിരുന്നു.
മോദി സര്‍ക്കാരിന്റെ നേട്ടം
ശത്രുവിന്റെ ശത്രു മിത്രം എന്ന തിയറി മാത്രമല്ല ഇന്ത്യയെ അമേരിക്കയുടെ ഉറ്റ മിത്രം ആക്കുന്നത്. അത് മാറിയ ഭരണ നേതൃത്വത്തിന്റെ മികവ് കൂടിയാണ്. 1991 ലെ സാമ്പത്തിക വ്യതിയാനം മുതല്‍ അമേരിക്കയെ സൗഹൃദത്തിലാക്കുവാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ വിജയിക്കുന്നത് വാജ്‌പേയിയുടെ ഭരണകാലം മുതല്‍ക്കാണ്. എന്നാല്‍ രണ്ടാം അണുശക്തി പരീക്ഷണം ഈ ശ്രമങ്ങള്‍ക്ക് വിഘാതമായെങ്കിലും കുറച്ച് നാളുകള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ ഊഷ്മള ബന്ധം ഉടലെടുക്കുകയായിരുന്നു. യുപിഎ സര്‍ക്കാരുകളുടെ കാലത്തും ഇരു രാജ്യങ്ങളുടെയും ബന്ധം ഊഷ്മളമാവുകയായിരുന്നു. എന്നാല്‍ മോദി സര്‍ക്കാരിന്റെ കാലത്താണ് സാമ്പത്തിക ബന്ധങ്ങള്‍ക്കപ്പുറം ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്നതില്‍ ചൈന ഘടകം നിര്‍ണായകമാവുന്നത്. ചൈനയെ പ്രതിരോധിക്കുന്നതിനായി ഇന്ത്യയ്ക്ക് ആയുധങ്ങള്‍ വില്‍ക്കുന്നതിനടക്കം അമേരിക്ക ഒരുക്കമാവുന്നതും ഇരു രാജ്യങ്ങളുടേയും ബന്ധത്തിലുള്ള പുരോഗതി മൂലമാണ്.
''സുഹൃത്തുക്കള്‍ ഉണ്ടായിരിക്കണം. അത് നല്ലതാണ്' എന്നാണ് കഴിഞ്ഞ ദിവസത്തെ സംയുക്ത നാവിക അഭ്യാസത്തിന് ശേഷം യു.എസ് നേവി ട്വിറ്ററില്‍ പ്രതികരിച്ചത്. ഇന്ത്യന്‍ സമുദ്രത്തിലെ ഇന്ത്യോ - യു. എസ് നാവിക സേനകളുടെ സംയുക്താഭ്യാസം ചൈനയ്ക്ക് നല്‍കിയിരിക്കുന്ന സന്ദേശം ചെറുതല്ല. സംഘര്‍ഷം മൂര്‍ച്ഛിച്ചാല്‍ ഇന്ത്യയോടൊപ്പം അമേരിക്കയും ഉണ്ടാകും എന്നതിന്റെ വ്യക്തമായ തെളിവാണിത്. അടുത്ത നവംബറില്‍ നടക്കുന്ന മലബാര്‍ എക്‌സര്‍സൈസില്‍ അമേരിക്കയ്ക്കും ജപ്പാനും പുറമെ ആസ്‌ട്രേലിയ കൂടി പങ്കെടുത്താല്‍ യുദ്ധം ഉണ്ടായാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇന്ത്യക്ക് പിന്നില്‍ അണിനിരക്കും എന്ന വ്യക്തമായ സന്ദേശം ചൈനയ്ക്ക് ലഭിക്കും. റഷ്യയാകട്ടെ ഇന്ത്യയെ ഉപേക്ഷിക്കുന്ന ഒരു നിലപാട് കൈക്കൊള്ളുകയുമില്ല. ഇതെല്ലാം ചൈനയ്ക്ക് ഇന്ത്യ നല്‍കുന്ന മുന്നറിയിപ്പുകളാണ്.