മലപ്പുറം: വിദേശത്ത് നിന്ന് നാട്ടിലെത്തിയ യുവാവ് നിരീക്ഷണത്തിലായിരിക്കെ മരിച്ചു. മലപ്പുറം ജില്ലയിലെ കാളികാവിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ചോക്കോട് സ്വദേശി ഇർഷാദലി (29) ആണ് മരിച്ചത്. കൊവിഡ് രോഗബാധിതനായിരുന്ന ഇയാൾ രോഗമുക്തനായ ശേഷമാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ശേഷം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചിട്ടുണ്ട്. ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ആളായതിനാൽ കൊവിഡ് പരിശോധനാഫലം എത്തിയാൽ മാത്രമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ. താമസിയാതെ പരിശോധനഫലം വരുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.